എന്നേ ഓര്‍ത്തല്ല, സ്വന്തം മകനെ ഓര്‍ത്ത് വി‌എസ് കണ്ണീരൊഴുക്കിയാല്‍ മതി: മാണി

പാലാ| VISHNU N L| Last Modified വെള്ളി, 13 നവം‌ബര്‍ 2015 (20:33 IST)
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ തന്നെ ഓർത്ത് കണ്ണുനീർ പൊഴിക്കേണ്ടെന്ന് കെ.എം മാണി പറഞ്ഞു. വി.എസ് മകനെയോർത്ത് കണ്ണുനീർ പൊഴിച്ചാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രി സ്ഥാനം രാജിവച്ചതിനു ശേഷം പാലായിലെത്തിയപ്പോഴാണ് മാണി ഇത് പറഞ്ഞത്. മാണിക്ക് ജന്മനാടും രാഷ്ട്രീയ തട്ടകവുമായ പാലായിൽ പാര്‍ട്ടി പ്രവര്‍ത്തകര്‍ വമ്പന്‍ സ്വാഗതമാണ് നല്‍കിയത്.

മാണിക്ക് സ്വീകരണം നൽകുന്നതിനെ വിമർശിച്ച വി.എസിനുള്ള മറുപടിയായിട്ടായിരുന്നു മാണിയുടെ വിമർശം.മാണിക്ക് സ്വീകരണം നല്‍കുന്നത് കോടതി വിധിയോടുള്ള വെല്ലുവിളിയാണെന്നായിരുന്നു വി‌എസ് പറഞ്ഞത്.
പാലാ എന്ന മണ്ഡലത്തിന് പുറത്ത് ലോകമുണ്ടെന്ന കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനക്കും മാണി മറുപടി നൽകി.

പാലായിക്ക് പുറത്ത് ലോകമുണ്ടെന്ന് തനിക്കറിയാം. ലോകം ഒത്തിരി കണ്ടിട്ടുണ്ട്. എന്നാൽ പാലായേക്കാൾ വലിയ ലോകം തനിക്കില്ലെന്നും മാണി തിരിച്ചടിച്ചു. പാലായിലെ ജനങ്ങളുടെ സ്നേഹമാണ് വലുത്. ജനങ്ങളുടെ പിന്തുണയാണ് തന്‍റെ
ശക്തിയും കരുത്തും. 12 ബജറ്റുകൾ അവതരിപ്പിച്ചതിൽ കേരളത്തിനുള്ളത് കേരളത്തിനും പാലാ മണ്ഡലത്തിനുള്ളത് പാലായിക്കും നൽകിയിട്ടുണ്ട്. ശതകോടികളുടെ വികസനമാണ് പാലായിൽ നടപ്പാക്കിയത്. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും നൽകിയിട്ടുണ്ടെന്നും മാണി വ്യക്തമാക്കി.

കോഴ ആരോപണത്തിൽ നിന്ന് മോചിതനായി കെ.എം മാണി തിരിച്ചു വരുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് മന്ത്രി പി.ജെ ജോസഫ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കോഴ വിഷയത്തിൽ ഇരട്ട നീതി എന്ന വലിയ വിമർശമുണ്ട്. ഇതിന് സംസ്ഥാന സർക്കാർ അടിയന്തര പരിഹാരം കാണണമെന്നും ജോസഫ് ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :