തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 13 നവംബര്‍ 2015 (13:28 IST)
ബാര്‍ കോഴ ആരോപണം കെഎം മാണിക്ക് പിന്നാലെ എക്‍സൈസ് മന്ത്രി കെ ബാബുവിനെതിരെയും തിരിഞ്ഞതോടെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. പണം ഉന്നയിക്കുന്നവര്‍ തെളിവുകള്‍ കൂടി കൊണ്ടുവരണം. ആരെങ്കിലും ഏതെങ്കിലും ആരോപണം ഉന്നയിച്ചാല്‍ അതിനു തെളിവ് ഉണ്ടാക്കുക എന്നത് സര്‍ക്കാരിന്റെ ചുമതലയല്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങളില്‍ സര്‍ക്കാര്‍ തന്നെ തെളിവും കണ്ടെത്തണമെന്ന് പറയരുത്. നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ ബാബുവുമായി ബന്ധപ്പെട്ട കോഴ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സെക്രട്ടറിയേറ്റിൽ കൊണ്ടുപോയി നേരിട്ടാണ് പണം നൽകിയതെന്നും പത്തു കോടി രൂപയാണ് ബാബു ആവശ്യപ്പെട്ടതെന്നും ബിജു രമേശ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം, ബാർ കോഴയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും എക്സൈസ് മന്ത്രി കെ ബാബു പറഞ്ഞു. ആരോപണങ്ങൾ തന്നെ കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ബാര്‍ കോഴ ഉന്നയിച്ച ബിജു രമേശ് വിജിലൻസിന് നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ആരോപണങ്ങൾ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് കെഎം മാണി തനിക്കെതിരെ എന്തെങ്കിലും പറയുമെന്ന് വിശ്വസിക്കുമെന്നും കരുതുന്നില്ല. മാണിയെ നേരില്‍ കണ്ടത് മുതിര്‍ന്ന നേതാവെന്ന പരിഗണന കണക്കിലെടുത്താണ്. കൂടിക്കാഴ്‌ചയില്‍ ഈ വിഷയങ്ങളെല്ലാം സംസാരിച്ചു ധാരണയിലെത്തി. മാണിയുമായി തനിക്കൊരു പ്രശ്‌നവും ഇല്ലെന്നും ബാബു പറഞ്ഞു.
ബിജു രമേശിന്റെ ആരോപണത്തില്‍ ഭയമില്ല. ബിജു നല്‍കിയ പരാതികളെ താന്‍ രാഷ്‌ട്രീയമായി തന്നെ നേരിടും. ആരോപണങ്ങളില്‍ തെല്ലും ഭയമില്ല. ബിജു രമേശ് വിജിലൻസിന് നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ബാര്‍ കോഴ ഇടപാടില്‍ തനിക്ക് യാതൊരു വിധത്തിലുള്ള ബന്ധവും ഇല്ലെന്നും ബാബു പറഞ്ഞു.