നിയമം നിയമത്തിന്റെ വഴിക്കു പോയാല്‍ മാണി സ്വന്തം വഴിക്കും രക്ഷപ്പെടും...!

കൊച്ചി| സഫിയ മുഹമ്മദ് അലി| Last Updated: വ്യാഴം, 29 ഒക്‌ടോബര്‍ 2015 (19:47 IST)
മന്ത്രി കെഎം മാണി പ്രതിയായ കോഴക്കേസില്‍ തുടര്‍ അന്വേഷണം കോടതി ഉത്തരവിട്ടത് യു‌ഡി‌എഫിന് രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കിയെങ്കിലും കോഴക്കേസ് കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും നീണ്ടേക്കാമെന്ന് സൂചന. നിലവിലെ വിജിലന്‍സ് കോടതി വിധി മാണി ഹൈക്കോടതിയിലും തുടര്‍ന്ന് സുപ്രീം കോടതിയിലും ചോദ്യം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ കേസ് അന്വേഷണവും തുടര്‍പ്രക്രിയയും വളരെക്കാലം നിണ്ടുപോയേക്കാം. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസില്‍ തീര്‍പ്പാകാന്‍ സമയം എടുക്കുക സ്വാഭാവികമാണ്.

അതിനാല്‍ അത്രയുംകാലം മാണിക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കും. സുപ്രീം കോടതിയുടെ തീര്‍പ്പ് മാണിക്ക് പ്രതികൂലമായാല്‍ മാത്രമേ തുടരന്വേഷണം എന്ന പ്രതിസന്ധി മാണിയെ കാത്തിരിക്കുന്നുള്ളു. അതിനിടയില്‍ കേസ് തേഞ്ഞ്മാഞ്ഞ് പോകാന്‍ ധാരാളം സമയം ലഭിക്കുകയും ചെയ്യും. ഇനി സുപ്രീം കോടതി വിധിവന്ന് അന്വേഷണം പൂര്‍ത്തിയാകാന്‍ അതിലും കാലതാമസം എടുക്കും. കുറഞ്ഞത് ഒരുവര്‍ഷമെങ്കിലും അന്വേഷണവും കുറ്റപത്രം സമര്‍പ്പിക്കലുമായി നീണ്ടുപോകാം. വിജിലന്‍സ് കോടതിക്ക് മുകളില്‍ വേറേയും കോടതികളുണ്ട് എന്ന മാണിയുടെ പ്രസ്താവന തന്നെ കേസ് അനന്തമായി നീണ്ടുപോകുമെന്ന സൂചനയാണ് നല്‍കുന്നത്.

കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ അത് റദ്ദാക്കണമെന്ന് കാണിച്ച് മാണിക്ക് വീണ്ടും നിയമനടപടി സുപ്രീം‌കോടതിവരെ പോകാന്‍ അവകാശമുണ്ട്. ഇനി അഥവാ കേസ് മുന്നോട്ടുപോകണമെങ്കില്‍ മാണിക്ക് എതിരെ പ്രോസിക്യൂഷന് അനുമതി ആവശ്യമാണ്. അപ്പോള്‍ ഏത് സര്‍ക്കാറാണ് ഭരിക്കുക എന്നതാണ് പ്രശ്‌നമാകുന്നത്. അടുത്തത് എല്‍‌ഡി‌എഫ് സര്‍ക്കാരാണ് വരുന്നന്ന്തെങ്കില്‍ അതിനുള്ളില്‍ മേല്‍പ്പറഞ്ഞ നടപടിക്രമങ്ങള്‍ മുന്നോട്ട് പോവുകയാണെങ്കില്‍ അടുത്ത സര്‍ക്കാരിന്റെ അവസാന കാലത്ത് മാത്രമേ വിചാരണ നടപടികള്‍ ആരംഭിക്കുകയുള്ളു. ചിലപ്പോള്‍ അതിലും നീണ്ടുപോകാം. നിയമനടപടികള്‍ക്ക് കാലതാമസമുണ്ടാവുക എന്നത് ഇന്ത്യയില്‍ സ്വാഭാവികമാണെന്നതിനാലാണിത്.

ബാര്‍ കോഴക്കേസില്‍ ഇതുവരെ നടത്തിയിട്ടുള്ള അന്വേഷണം പൂര്‍ണ്ണമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ല. അതിനാലാണ് ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് തുടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. എസ്‌ പി സുകേശന്റെ അന്നേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് കേസ് അവസാനിപ്പിക്കണമെന്നുള്ള സര്‍ക്കാര്‍ റിപ്പോര്‍ട്ട് തള്ളിയാണ് കോടതി തീരുമാനമെടുത്തിരിക്കുന്നത്. ഉത്തരവ് കെ എം മാണി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുന്നില്ലെന്ന് കരുതുക. എന്തെല്ലാം പോരായ്മകള്‍ ഇപ്പോഴത്തെ അന്വേഷണത്തിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അത് പരിഹരിച്ചുകൊണ്ട് തുടര്‍ അന്വേഷണം നടത്തി രണ്ടാമത് അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് നല്‍കണം. അത് കോടതി സ്വീകരിച്ചാല്‍ മാണിയെ പ്രതിയാക്കിയുള്ള കേസ് വിചാരണ തുടങ്ങാം. അപ്പോഴും സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് മാണിക്ക് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാം. ചുരുക്കിപ്പറഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സജീവമായി നിലനില്‍ക്കുമെങ്കിലും ഭാവിയില്‍ മാധ്യമ വാര്‍ത്തകള്‍ക്ക് ഇതൊരു ഭൂഷണമല്ലാത്തതിനാല്‍ അവസാന വിധിവരെ ഇത് എല്ലാവരും മറക്കും. ഇതിനിടയില്‍ എന്തും സംഭവിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :