Last Modified വ്യാഴം, 29 ഒക്‌ടോബര്‍ 2015 (16:18 IST)
മോഹന്‍ലാല്‍ നായകനായ ‘ഉസ്താദ്’ എന്ന ചിത്രം ഓര്‍മ്മയുണ്ടോ? സഹോദരിക്കുവേണ്ടി ജീവന്‍ പോലും കളയാന്‍ തയ്യാറുള്ള പരമേശ്വരനായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച സിനിമ. പരമേശ്വരന് സഹോദരിയോ മറ്റ് ബന്ധുക്കളോ അറിയാത്ത മറ്റൊരു മുഖം കൂടിയുണ്ടായിരുന്നു. അയാള്‍ ‘ഉസ്താദ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു അധോലോക നായകനായിരുന്നു. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചത് രഞ്ജിത്. ഷാജി കൈലാസും രഞ്ജിത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
രഞ്ജിത്തിന്‍റെ തന്നെ തിരക്കഥയില്‍ ഷാജി കൈലാസ് സുരേഷ്ഗോപിയെ നായകനാക്കി ഒരുക്കിയ ‘രുദ്രാക്ഷം’ എന്ന സിനിമയും പ്രേക്ഷകര്‍ മറന്നുകാണില്ല. മെഡിസിന് പഠിക്കുന്ന സഹോദരിയെ അന്വേഷിച്ച് ഹൈദരാബാദിലെത്തിയ വിശ്വനാഥന്‍ അവിടുത്തെ അധോലോകരാജാക്കന്‍മാരുമായി ഏറ്റുമുട്ടുന്നതായിരുന്നു കഥ.
ഇനി സാക്ഷാല്‍ ബാഷ. ആ സിനിമ ആര്‍ക്കും മറക്കാനാവില്ലല്ലോ. മാണിക്യം എന്ന ഓട്ടോ ഡ്രൈവറായി ഒതുങ്ങി ജീവിക്കുന്ന മാണിക് ബാഷ എന്ന അധോലോക രാജാവായി രജനികാന്ത് തകര്‍ത്തഭിനയിച്ച ബ്ലോക്ക് ബസ്റ്റര്‍ തമിഴ് സിനിമ. ഈ സിനിമകളൊക്കെ ഇപ്പോള്‍ പറയാന്‍ ഒരു കാരണമുണ്ട്. ഈ മൂന്നുസിനിമകളുടെയും കഥയില്‍ നിന്ന് പുതിയ ഒരു സിനിമയുണ്ടാകുന്നു. അതും തമിഴകത്തിന്‍റെ ‘തല’ അജിത് നായകനാകുന്ന സിനിമ - വേതാളം!
സഹോദരിക്കുവേണ്ടി ജീവിക്കുന്ന ഗണേഷ് എന്ന ടാക്സി ഡ്രൈവറായി അജിത് ഈ സിനിമയില്‍ അഭിനയിക്കുന്നു. സഹോദരിയായി അഭിനയിക്കുന്നത് ലക്ഷ്മി മേനോനാണ്. ഗണേഷിന് മറ്റൊരു മുഖം കൂടിയുണ്ട് - അയാള്‍ അധോലോകരാജാവായ ‘വേതാളം’ ആണ്. സഹോദരിക്കുണ്ടാകുന്ന ദുരന്തത്തെ തുടര്‍ന്ന് അയാള്‍ കൊല്‍ക്കത്തയിലെ അധോലോക ശക്തികള്‍ക്കെതിരെ തന്‍റെ വിശ്വരൂപം വീണ്ടെടുത്ത് ആഞ്ഞടിക്കുന്നതാണ് കഥ.
‘വീരം’ എന്ന മെഗാഹിറ്റിന് ശേഷം ശിവ സംവിധാനം ചെയ്യുന്ന വേതാളം ദീപാവലി റിലീസാണ്. ശ്രുതി ഹാസനാണ് മറ്റൊരു നായിക. എന്തായാലും ഉസ്താദും രുദ്രാക്ഷവും ബാഷയും കണ്ട പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവം പകര്‍ന്നുനല്‍കാന്‍ വേതാളത്തിന് കഴിയുമോ എന്ന് കാത്തിരുന്ന് കാണാം.