മാണി കുടുങ്ങി...! രാഷ്ട്രീയ തിരിച്ചടി ഭയന്ന് യു‌ഡി‌എഫ്, ആയുധം കിട്ടിയ സന്തോഷത്തില്‍ ഇടത് പക്ഷം

തിരുവനന്തപുരം| പ്രജീഷ് സ്വാമിനാഥന്‍| Last Updated: വ്യാഴം, 29 ഒക്‌ടോബര്‍ 2015 (19:22 IST)
ബാർ കോഴ കേസിൽ കെ.എം.മാണി കോഴ വാങ്ങി എന്ന് വിജിലന്‍സ് കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ ധനമന്ത്രിക്ക് രാജിയല്ലാതെ വേറെ വഴിയില്ല്.
മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലൻസ് റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതൊടെ മാണി കോഴ വാങ്ങി എന്നതിന് പ്രഥമ ദൃഷ്ട്യാ തെളിഞ്ഞിരിക്കുകയാണ്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും പടിവാതിക്കലെത്തിയതോടെ യു‌ഡി‌എഫ് നേരിടാന്‍ പോകുന്നത് രാഷ്ട്രീയ തിരിച്ചടിയാണ്. മാണി അധികാരത്തില്‍ കടിച്ചു തൂങ്ങിയാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും യു‌ഡി‌എഫും നേരിടാന്‍ പോകുന്നത് രാഷ്ട്രീയ തിരിച്ചടിയാണ്.

തിരിച്ചടി ഭയന്ന് യു‌ഡി‌എഫ് കക്ഷികള്‍ മാണിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നാണ് വിവരം. കെപി‌സിസി അധ്യക്ഷന്‍ സുധീരനും മുസ്ലീം ലീഗിനും മാണി രാജിവയ്ക്കണമെന്ന് അഭിപ്രായത്തിലാണെന്നാണ് വിവരം. ഇരുകൂട്റ്റരും പരസ്യമായി ഇതിനൊട് പ്രതികരിക്കാന്‍ സാധ്യതയില്ല. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും മാണി അധികാരത്തില്‍ തുടരുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന പക്ഷമാണുള്ളത്. മാണിയെ പരസ്യമായി തള്ളിപ്പറയാന്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തയ്യാറായേക്കില്ല എന്നാണ് വിവരം. അടുത്ത യു‌ഡി‌എഫ് യോഗത്തില്‍ മാണിയുടെ രാജിക്കായി മുറവിളി ഉയരുമെന്നുറപ്പായിക്കഴിഞ്ഞു.

മാണിക്കെതിരെയുള്ള ആരോണങ്ങൾക്ക് പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഇതോടെ മാണി കേസിൽ പ്രതിയാണെന്ന കോടതി സമ്മതിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ ധനമന്ത്രി സ്ഥാനത്ത് മാണി ഇരുന്നുകൊണ്ടുള്ള അന്വേഷണം ഗുണകരമാകില്ല. മാണി കുറ്റക്കാരനാണെന്ന് കോടതി പരോക്ഷമായി സമ്മതിച്ച സാഹചര്യത്തില്‍ മാണിയെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുമുണ്ട്. ധനമന്ത്രിയെ വിജിലന്‍സ് അറസ്റ്റ് ചെയ്താല്‍ മന്ത്രിസഭയ്ക്ക് അത് തീര്‍ത്താല്‍ തീരാത്ത കളങ്കമാകും ഉണ്ടാക്കാന്‍ പോകുന്നത്.

കോട്ടയത്ത് തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ താരമായി വിലസുന്നതിനിടെയാണ് കോടതി വിധി അഗ്നിപാതമായി മാണിക്കു മേല്‍ പതിച്ചിരിക്കുന്നത്. യു‌ഡി‌എഫ് കക്ഷികളില്‍ ആര്‍‌എസ്‌പിയും വീരേന്ദ്രകുമാറിന്റെ ജനതാദളും മുന്നണി വിട്ട് പോയേക്കാമെന്നതും യു‌ഡി‌എഫിനെ കുഴക്കുന്ന പ്രശ്നമാണ്. യു‌ഡി‌എഫ് വിടാനുള്ളാ സുരക്ഷിതമായ എക്സിറ്റായാണ് ഇരു കക്ഷികളും ഇപ്പോഴത്തെ സാഹചര്യത്തെ കണക്കാക്കുന്നതെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നുതുടങ്ങി.

മന്ത്രിസഭയുടെ നിലനില്‍പ്പ് മാണിയുടെ കൈയ്യിലായതിനാലാണ് ഇത്രയും കാലം മുഖ്യമന്ത്രി മാണിയെ സംരക്ഷിച്ചിരുന്നത്. ഇത് ഐ‌ഗ്രൂപ്പ് പലപ്പോഴും ആയുധമാക്കുകയു
ചെയ്ത്രിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് കൊട്ടാനുള്ള നല്ല വടിയാണ് ചെന്നിത്തലയുടെ ഐ‌ ഗ്രൂപ്പിന് ലഭിച്ചിരിക്കുന്നത്. മാണിയെ സംരക്ഷിച്ചാല്‍ ഐ‌ഗ്രൂപ്പ്
ഹൈക്കമാന്‍ഡിനെ സമീപിക്കാനും ശ്രമിച്ചേക്കുമെന്ന് സൂചനകളുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും യുഡിഎഫിനും വൻ തിരിച്ചടിയുണ്ടാകുമെന്നാണ് സുധീരന്റെ പക്ഷം. ഇതേ നിലപാടിലാണ് ചെന്നിത്തലയും. ഇതോടെ മുസ്ലിം ലീഗും മാണിയെ തള്ളിപ്പറയാൻ നിർബന്ധിതരാകും.

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുൻതൂക്കം ഇല്ലാതാകാൻ ഉമ്മൻ ചാണ്ടിയും ആഗ്രഹിക്കുന്നില്ല. ഈ സാഹചര്യത്തിൽ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയും നിർബന്ധിതമാകും. മാണി സ്വയം തീരുമാനം എടുക്കട്ടേ എന്ന നിലപാടിലാണ് മുഖ്യമന്ത്രി. അതുണ്ടായില്ലെങ്കിൽ രാജി വയ്ക്കണമെന്ന് ആവശ്യപ്പെടും. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനിടെ മാണി രാജിവച്ചാല്‍ അത് യു‌ഡി‌എഫിന് നാണക്കേടാകും. അഴിമതിക്കേസില്‍ ധനമന്ത്രി രാജിവയ്ക്കുന്നതോടെ ഉമ്മന്‍ ചാണ്ടി ദുര്‍ബലനാകുകയും ചെയ്യും.

ആരോപണം ഉയർന്നപ്പോൾ തന്നെ മാണിയോട് രാജിവയ്ക്കണമെന്ന് വിശ്വസ്തർ ആവശ്യപ്പെട്ടിരുന്നു. ബജറ്റിന് ശേഷം രാജിവയ്ക്കാമെന്ന് പറഞ്ഞു. എന്നാൽ ബജറ്റ് അവതരണം നാണക്കേടായി മാറിയിട്ടും മാണി സ്ഥാനം ഒഴിഞ്ഞില്ല. എഫ്‌ഐആർ ചുമത്തിയപ്പോഴും പിടികൊടുക്കാതെ മന്ത്രിസ്ഥാനത്ത് തുടർന്നു. ബിജു രമേശിനൊപ്പം നിന്നവരെ അടർത്തി മാറ്റി കേസ് അട്ടിമറിക്കാൻ നീക്കവും സജീവമായി. അത് ഫലം കണ്ടുവെന്ന് കരുതിയപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥൻ സുകേഷൻ തെറ്റുന്നത്. ഇതാണ് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

മാണിക്കെതിരെ ഇടത് പക്ഷം ശക്തമായ അക്രമണങ്ങളാണ് നടത്തുന്നത്. ആയുധങ്ങള്‍ നഷ്ടപ്പെട്ട് ഗോദയിലിഉരുന്ന ഇടത്പക്ഷത്തിന് കൊടതിവിധി ശക്തമായ ആയുധമാണ് നല്‍കിയിരിക്കുന്നത്. മാണി രാജി വച്ചേ തീരു എന്നുള്ളാ തരത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്ക് ഇടത് പക്ഷം തയ്യാറെടുക്കുകയാണ്. കൊടതി വിധി പിസി ജോര്‍ജിനു നല്‍കിയിരിക്കുന്ന മൈലേജ് ചില്ലറയല്ല. അഴിമതിക്കെതിരെ നിലപാടെടുത്തതിനാലാണ് തന്നെ പുറത്താക്ക്കിയതെന്ന വാദത്തൊടെ രക്തസാക്ഷി പരിവേഷമാണ് ജോര്‍ജിനെ കാത്തിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :