ഹലാക്ക് പിടിച്ച ഏതോ ശെയ്ത്താന്‍മാരുടെ പണിയായിരുന്നു അത്: മാമുക്കോയ

കോഴിക്കോട്| jibin| Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2015 (11:41 IST)
താന്‍ മരിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചതിനെക്കുറിച്ച് മലയാളത്തിന്റെ പ്രിയ ഹാസ്യനടന്‍ മാമുക്കോയയുടെ മറുപടി. ‘ താന്‍ മരിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചത് അറിഞ്ഞു, ഞാനിപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഹലാക്ക് പിടിച്ച ഏതോ ശെയ്ത്താന്‍മാരുടെ പണിയാണിത്. എത്രയോ ആളുകളെ ഇതുപോലെ കൊന്നിട്ടുണ്ട്. വീട്ടുകാര്‍ പോലും പേടിച്ചുവിളിച്ചിരുന്നു ’- എന്നാണ് താരം പറഞ്ഞത്. മരിച്ചു, പക്ഷേ താന്‍ നില്‍ക്കുന്നിടത്ത ഇപ്പോഴും മൊബൈലിന് നല്ല കവറേജ് ആണെന്നും മാമൂക്കോയ മറുപടി നല്‍കി. വയനാട്ടില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് മാമൂക്കോയ.

വ്യാഴാഴ്‌ച വൈകിട്ടോടെയാണ് മാമുക്കോയ വൃക്ക രോഗത്തെതുടര്‍ന്ന് മരിച്ചുവെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരണം ഉണ്ടായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയുമായിരുന്നുവെന്നുമാണ് വ്യാജ സന്ദേശത്തില്‍ പറഞ്ഞിരുന്നത്.

വാര്‍ത്ത ഫേസ്‌ബുക്കിലും ആഘോഷിക്കപ്പെട്ടു. പലരും താരത്തിന്റെ ഫോട്ടോയടക്കം നല്‍കിയാണ് അനുശോചനം രേഖപ്പെടുത്തിയത്. വാര്‍ത്ത പരന്നതോടെ സംഭവം സത്യമാണോ എന്നറിയാന്‍ മാമുക്കോയയെ പലരും വിളിക്കുകയും ചെയ്‌തിരുന്നു. പ്രമുഖരുടെ മരണം സംബന്ധിച്ച വ്യാജ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഇതാദ്യമല്ല. നടന്‍മാരായ ജിഷ്ണു, സലിംകുമാര്‍, നടി മേനക എന്നിവര്‍ മരിച്ചു എന്ന വാര്‍ത്ത സമീപകാലത്തു വാട്സ് ആപിലൂടെ പ്രചരിച്ചിരുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :