മലപ്പുറം ജില്ലാ വിഭജനം വീണ്ടും ചര്‍ച്ചയാകുന്നു, പ്രതിഷേധം പുകഞ്ഞു തുടങ്ങി

മലപ്പുറം| VISHNU N L| Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (11:05 IST)
ജനസംഖ്യ ഏറ്റവുമധികമുള്ള മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തിന് വീണ്ടും ചൂടുപിടിക്കുന്നു. വിഷയവുമായി ബനധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കിയതോടെയാണ് ജില്ലാ വിഭജനമെന്ന ആവശ്യത്തിന് വീണ്ടും ചൂട്പിടിച്ചത്. പ്രമേയത്തോട് രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും സമ്മിശ്ര പ്രതികരണമാണ്. മുസ്ലിം ലീഗ് പ്രമേയത്തെ ശക്തിയായി പിന്തുണച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രതികരിച്ചതേയില്ല.

അതേസമയം ഇടത്പക്ഷം വളരെ ശക്തിയായി മലപ്പുറം ജില്ല വിഭജനത്തെ എതിര്‍ക്കുകയാണ്. പ്രമേയവും ചര്‍ച്ചയും വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള നിലപാടാണെന്നാണ് സിപിഎം വിലയിരുത്തല്‍. നേരത്തെ ജില്ലാ വിഭജനമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചത് തീവ്ര മുസ്ലീം ആഭിമുഖ്യമുള്ള എസ്‌ഡി‌പി‌ഐ ആയിരുന്നു. ആവശ്യത്തൊട് മൃദു സമീപനമാണ് അന്ന് ലീഗ് കൈക്കൊണ്ടത്. എന്നാല്‍ ഇപ്പോള്‍ ലീഗ് തന്നെ മുന്‍‌കൈയ്യെടുത്ത ജില്ലാ വിഭജനം ചര്‍ച്ചയാക്കിയതിനു പിന്നില്‍ തദ്ദേശ തിരഞ്ഞെടുപ്പും വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പുമാണ്.

മലപ്പുറം ജില്ലാ വിഭജനമെന്ന ചര്‍ച്ചകളൊട് ഇടത് പക്ഷവും ബിജെപിയും ശക്തമായാണ് പ്രതികരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ മലപ്പുറം ജില്ല വിഭജിക്കേണ്ടതില്ളെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് പി. നാരായണന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. അതേസമയം ജില്ലാ പഞ്ചായത്ത് പ്രമേയം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് സി.പി.എം ജില്ലാ ആക്ടിങ് സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് പ്രസ്താവിച്ചു. വോട്ടുബാങ്കിനെ പ്രീണിപ്പിക്കാനും സ്വാധീനിക്കാനും വേണ്ടിയാണിതെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ പഞ്ചായത്തിന്റെ പ്രമേയത്തിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി.പി സുനീര്‍ പറഞ്ഞു.

മലപ്പുറം ജില്ലാ രൂപീകരണത്തേപ്പോലും എതിര്‍ത്ത പാരമ്പര്യമാണ് ബിജെപിക്കുള്ളത്. മതാടിസ്ഥാനത്തില്‍ ജില്ല രൂപീകരിക്കുന്നതായിരുന്നു ബിജെപിയുടെ അന്നത്തെ പ്രതിഷേധത്തിനു കാരണം. പുതിയ ജില്ലാ രൂപീകരണത്തൊട് കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസമുണ്ട്. മലപ്പുറം ജില്ല വിഭജിച്ചാല്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാന്‍ ബിജെപി തയ്യാറാകും. സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനം നടത്തുന്നു എന്ന പ്രചാരണം ശക്തമാക്കാന്‍ അതുവഴി ബിജെപിക്ക് സാധിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :