രേണുക വേണു|
Last Updated:
ചൊവ്വ, 22 ഓഗസ്റ്റ് 2023 (12:02 IST)
കൊല്ലപ്പെട്ട സുജിത, അറസ്റ്റിലായ വിഷ്ണു
മലപ്പുറം തുവ്വൂരില്‍ വീട്ടുവളപ്പില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ യുവതിയുടേതെന്നു മൊഴി. തുവ്വൂര്‍ കൃഷി ഭവനില്‍ ജോലി ചെയ്തിരുന്ന സുജിത (35 വയസ്) എന്ന യുവതിയെ ഈ മാസം 11 മുതല്‍ കാണാനില്ലായിരുന്നു. പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജ് എന്നയാളുടെ ഭാര്യയാണ് സുജിത. ഇതുമായി ബന്ധപ്പെട്ട് വിഷ്ണു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തുവ്വൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റി ഭാരവാഹിയാണ് വിഷ്ണു. സഹോദരങ്ങളുടേയും സുഹൃത്തിന്റെയും സഹായത്തോടെയാണ് വിഷ്ണു യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത്.
സുജിതയെ വീട്ടില്‍വെച്ച് ശ്വാസം മുട്ടിച്ചു കൊന്നതാണെന്നു വിഷ്ണു മൊഴി നല്‍കി. മരണം ഉറപ്പിച്ച ശേഷം യുവതിയെ കെട്ടിത്തൂക്കി. കേസില്‍ വിഷ്ണുവടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷ്ണുവിന്റെ അച്ഛന്‍ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാന്‍ എന്നിവരാണ് പിടിയിലായത്. യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ കട്ടര്‍ ഉപയോഗിച്ചു മുറിച്ചെടുത്തു. ആഭരണങ്ങള്‍ വില്‍ക്കാനും ശ്രമിച്ചു. സ്വര്‍ണാഭരണങ്ങള്‍ കവരാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് വിവരം.
ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞാണ് സുജിത കൃഷിഭവനില്‍ നിന്ന് പോയത്. എന്നാല്‍ ഇവര്‍ പിന്നീട് വിഷ്ണുവിന്റെ വീട്ടില്‍ എത്തിയത് എങ്ങനെയാണെന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ഇക്കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. കരുവാരക്കുണ്ട് പൊലീസിനാണ് അന്വേഷണ ചുമതല.
തുവ്വൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപം റെയില്‍വെ പാളത്തിനടുത്തുള്ള വിഷ്ണുവിന്റെ വീട്ടു വളപ്പിലാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചത്. ചോദ്യം ചെയ്യലിലാണ് വിഷ്ണു മൃതദേഹം കുഴിച്ചിട്ട കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്നുള്ള പരിശോധനയില്‍ മൃതദേഹം കണ്ടെത്തി.
അതേസമയം കൊലപാതകം നടത്തിയ വിഷ്ണു സുജിതയെ കാണാനില്ലെന്ന് പൊലീസ് അറിയിപ്പ് അടക്കം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ആര്‍ക്കും സംശയം തോന്നാതിരിക്കാനായിരുന്നു ഇത്. മാത്രമല്ല സുജിതയുടെ തിരോധാന അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് തുവ്വൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്താന്‍ ഉദ്ദേശിച്ചിരുന്നു. ഇതിനായുള്ള ഒരുക്കങ്ങള്‍ നടത്താനും വിഷ്ണു മുന്‍പന്തിയിലുണ്ടായിരുന്നു.