aparna|
Last Modified ശനി, 24 ഫെബ്രുവരി 2018 (14:09 IST)
അട്ടപ്പാടിയില്‍ മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മരണപ്പെട്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടംതല്ലിക്കൊന്ന മധുവിന്റെ മരണത്തിന് കാരണമായത് ആന്തരികരക്തസ്രാവമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
നെഞ്ചിനേറ്റ മർദ്ദനമാണ് മധുവിനെ മരണത്തിലേക്ക് നയിച്ചതെന്നും വ്യക്തം. അടിയേറ്റത് തന്നെയാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. നെഞ്ചില്‍ മര്‍ദനമേറ്റിട്ടുണ്ടെന്നും വാരിയെല്ലുകള്‍ അടിയില്‍ തകര്‍ന്നിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തിൽ 8 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മധുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ
പ്രതികള്‍ക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തും.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാര്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച് മര്‍ദ്ദിച്ചത്. നാട്ടുകാര്‍ ഏറെ നേരം മര്‍ദ്ദിച്ച ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്. പൊലീസ് എത്തി വാഹനത്തില്‍ കയറ്റിയെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുന്നേ അദ്ദേഹം മരണപ്പെടുകയായിരുന്നു.