മധുവിനെ സഹോദരതുല്യനായി കാണാൻ മമ്മൂട്ടിക്ക് എന്താണവകാശം? - ഉത്തരമുണ്ട്

മമ്മൂട്ടിയെ പരിഹസിക്കുന്നവർ അറിയണം, അദ്ദേഹം ആദിവാസികൾക്കായി ചെയ്യുന്ന സഹായങ്ങൾ

aparna| Last Updated: ശനി, 24 ഫെബ്രുവരി 2018 (15:38 IST)
അട്ടപ്പാടിയിൽ മധുവെന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയ മെഗാസ്റ്റാർ മമ്മൂട്ടി പുലിവാൽ പിടിച്ചിരുന്നു. മധുവിനെ ആദിവാസിയെന്ന് വിളിക്കരുതെന്നും അവനെ എന്റെ അനുജനായി കാണുന്നുവെന്നുമായി‌രുന്നു മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ, ഈ പ്രസ്താവന ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.

മധുവിനെ അനുജനെന്ന് വിളിക്കാൻ മമ്മൂട്ടിക്ക് എന്താണ് അവകാശമെന്നും, മമ്മൂട്ടിയുടെ സഹോദരപ്പട്ടം മധുവിന് വേണ്ടെന്നും പറഞ്ഞ് നിരവധി പേരാണ് അദ്ദേഹത്തിനെതിരെ രംഗത്തെത്തിയത്. എന്നാൽ, മമ്മൂട്ടിയെ പരിഹസിക്കുന്നവർ അറിയേണ്ട ചില കാര്യങ്ങൾ ഉണ്ട്. ആദിവാസികൾക്കായി അദ്ദേഹം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചെയ്തു വരുന്ന സഹായങ്ങൾ.

മൂന്നാർ ടൗണിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ഇടമലക്കുടി, കുണ്ടളക്കുടി എന്നിവ അടക്കമുള്ള കേരളത്തിലെ ആദിവാസി ഗ്രാമങ്ങൾ 2012 മുതൽ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ദത്തെടുത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുകയാണ് .

ക്യഷി ഉപജീവന മാർഗമാക്കിയ കാടിന്റെ മക്കൾക്ക് കഴിഞ്ഞ അഞ്ച് വര്‍ഷമായി കാർഷികപോകരണങ്ങളും ആവിശ്യ സാധനങ്ങളും നൽകുന്നത് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനാണ്.

ആദിവാസി കുടുംബങ്ങളിൽ വിദ്യാഭ്യാസം കുറവുള്ളവർക്ക് പ്രാഥമിക വിദ്യാഭ്യാസം അടക്കം നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കാനുള്ള പദ്ധതിയിലാണ് മമ്മുട്ടി. കൂടാതെ ചെറിയൊരു അസുഖത്തിന് പോലും 36 കിലോമീറ്റർ വനം താണ്ടേണ്ട ആദിവാസി കുടുംബങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ടെലി മെഡിസിന്‍ സംവിധാനമൊരുക്കുമെന്നും അദ്ദേഹം അടുത്തിടെ പരോൾ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് വെളിപ്പെടുത്തിയിരുന്നു.

സിനിമാ തിരക്കിനിടയിലും തങ്ങളെ സഹായിക്കാന്‍ മനസ്സ് കാണിക്കുന്ന മമ്മൂട്ടിയെ കാണാനും നന്ദി അറിയിക്കാനും മൂപ്പന്‍ അടക്കമുള്ളവർ ലൊക്കേഷനിൽ താരത്തെ കാണാൻ എത്തിയിരുന്നു. ഊരില്‍ ജൈവകൃഷിയിലൂടെ വിളയിച്ച പച്ചക്കറികള്‍ അദ്ദേഹത്തിന് സമ്മാനമായി നൽകുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :