തിരുവനന്തപുരം|
AISWARYA|
Last Updated:
വ്യാഴം, 27 ഏപ്രില്‍ 2017 (10:41 IST)
തോട്ടംതൊഴിലാളി സ്ത്രീകളെക്കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിയെ പരസ്യമായി ശാസിക്കാൻ സിപിഎം സംസ്ഥാന സമിതിയോഗം തീരുമാനിച്ചു. മണിക്കെതിരെ നടപടി വേണം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായിരുന്നു. ഇതിന് പുറമേയാണ് മണിയെ പരസ്യമായി ശാസിക്കാൻ തീരുമാനിച്ചത്.
സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്ന് അഭിപ്രായപ്പെടുമ്പോഴാണ് ഇത്തരത്തില്‍ ഒരു മന്ത്രി സ്ത്രീത്വത്തെ അടച്ചാക്ഷേപിക്കുന്ന അപമാനകരമായ പരാമര്‍ശം നടത്തിയത്. ഇനി വിവാദ പരാമർശങ്ങൾ ഉണ്ടാകരുതെന്ന് മണിയോട് സിപിഎം ആവശ്യപ്പെടും. ശൈലി മാറ്റാനും തെറ്റുകൾ ആവർത്തിക്കാതിരിക്കാനും പാർട്ടി ഉപദേശിച്ചിട്ടും അതില്‍ ഒരു മാറ്റവും ഉണ്ടായില്ലെന്നും പാർട്ടി സെക്രട്ടറിയേറ്റില്‍ വിലയിരുത്തി.
സെക്രട്ടറിയേറ്റ് യോഗത്തിൽ മണിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് സംസാരിച്ചത്. അതേസമയം തന്റെ വാക്കുകള്‍ ദുർവ്യാഖ്യാനം ചെയ്തുവെന്ന വിശദീകരണമാണ് മണി യോഗത്തിൽ നൽകിയത്. എന്നാല്‍ സെക്രട്ടറിയേറ്റില്‍ നടന്ന യോഗത്തില്‍ ആരും മണിയെ പിന്തുണച്ചില്ല.