ലൗ ജിഹാദെന്ന് ആരോപണം: ഡി‌വൈഎഫ്ഐ നേതാവിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

കോഴിക്കോട്| അഭിറാം മനോഹർ| Last Modified ചൊവ്വ, 12 ഏപ്രില്‍ 2022 (20:57 IST)
കോഴിക്കോട്: കോടഞ്ചേരിയില്‍ മതം മാറി വിവാഹം കഴിച്ച ഡി.വൈ.എഫ്.ഐ നേതാവിനെതിരെ സിപിഎം നടപടിക്കൊരുങ്ങുന്നു.ഡി.വൈ.എഫ്.ഐ കണ്ണോത്ത് മേഖലാ സെക്രട്ടറിയും കണ്ണോത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷിജിനെതിരെയാണ് നടപടി. മുസ്ലീം വിഭാഗത്തിൽപ്പെട്ട ഷിജിൻ ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ജ്യോല്‍സ്നയെ വിവാഹം കഴിക്കാനൊരുങ്ങുന്നതിൽ പ്രദേശത്ത് അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി.

പ്രദേശത്തെ മതസൗഹാർദ്ദത്തിൽ വിള്ളലുണ്ടാവുകയും മതസ്പര്‍ദ്ദയ്ക്ക് കാരണമാവുകയും ചെയ്തെന്ന കാരണത്താല്‍ ഷിജിനെതിരെ നടപടി സ്വീകരിക്കുമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അം‌ഗം ജോർജ് എം തോമസ് പറഞ്ഞു. ബുധനാഴ്ച ഈ വിഷയത്തിൽ കോടഞ്ചേരിയില്‍ സിപിഎം വിശദീകരണ യോഗം നടത്തുന്നുണ്ട്.

അതേസമയം പ്രായപൂർത്തിയായ വ്യക്തികൾക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കോടഞ്ചേരിയിലെ സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു.

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും മത സാമുദായിക സംഘടനകളുടെ ഭീഷണികളുടെ പശ്ചാത്തലത്തിൽ മറ്റൊരിടത്തേക്ക് മാറുകയാണെന്നുമാണ് ഷിജിനും ജ്യോത്സനയും അറിയിച്ചത്. വീട്ടുകാർക്കൊപ്പം പോകാൻ ജ്യോത്സനയെ പോലീസ് നിർബന്ധിച്ചതായും ഇവർ ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :