ശബരിമല അപകടം: പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് നിഷേധിച്ച് ഡിജിപി

ശബരിമല| സജിത്ത്| Last Modified തിങ്കള്‍, 26 ഡിസം‌ബര്‍ 2016 (09:05 IST)
മാളികപ്പുറത്ത് ഇന്നലെ ഉണ്ടായ അപകടത്തിന് കാരണം പൊലീസിന്റെ വീഴ്ചയല്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ശബരിമലയില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഇതുവരെയും ലഭിച്ചിട്ടില്ല. കൃത്യസമയത്ത് പൊലീസ് ഇടപെട്ടത് കൊണ്ടാണ് വലിയ അപകടം ഒഴിവായത്. അവിടെ സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകള്‍ ശക്തിപ്പെടുത്താന്‍ ആവശ്യപ്പെട്ട് എഡിജിപി ദേവസ്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് നടപടിയെടുത്തില്ലെന്നും ഡിജിപി വ്യക്തമാക്കി.

സംഭവത്തിന്റെ സിസിടി‌സി ദൃശ്യങ്ങള്‍ പരിശോധിക്കും. സന്നിധാനത്തിന്റെ ചുമതലയുളള ഐജി എസ് ശ്രീജിത്ത് അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ആവശ്യത്തിന് പൊലീസുകാര്‍ മാളികപ്പുറത്ത് ഉണ്ടായിരുന്നു. എന്നാല്‍ ദ്രവിച്ച ബാരിക്കേഡുകളാണ് അപകടത്തിന് കാരണമായതെന്ന് ഐജി എസ് ശ്രീജിത്തും വ്യക്തമാക്കി. അതേസമയം, പൊലീസിന്റെ കയ്യിലുണ്ടായിരുന്ന വടം വഴുതി വീണതാണ് അപകടത്തിനു കാരണമായതെന്ന രീതിയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയെന്നായിരുന്നു ആദ്യ വിവരം.

വലിയ തിക്കും തിരക്കും വന്നതോടെ പൊലീസുകാര്‍ക്ക് നിയന്ത്രിക്കാൻ സാധിച്ചില്ലെന്നും അപകടം നടന്ന സ്ഥലത്ത് പത്തില്‍ താഴെ പൊലീസുകാര്‍ മാത്രമാണുണ്ടായിരുന്നതുമ്മുമായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. കൂടാതെ ദുരന്ത നിവാരണ സേനയുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് വലിയ ദുരന്തം ഒഴിവായതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സന്നിധാനത്തുള്ള ആശുപത്രിയില്‍ എക്‌സ്‌റേ സംവിധാനം പോലുള്ള ചികിത്സാ സൗകര്യം ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :