പത്തനംതിട്ട|
സജിത്ത്|
Last Modified തിങ്കള്‍, 26 ഡിസംബര്‍ 2016 (07:54 IST)
ശബരിമലയിലെ ആചാരങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിലെ സ്ത്രീപ്രവേശം സുപ്രീംകോടതി വിധിക്ക് ശേഷമേ തീരുമാനിക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. വരുന്ന ജനുവരിയില്‍
ശബരിമല ചവിട്ടുമെന്നും അതിനായി സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ തനിക്കുണ്ടാകുന്ന് പ്രതീക്ഷിക്കുന്നതായിമുള്ള തൃപ്തി ദേശായിയുടെ പ്രസ്താവന സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോർഡിന്റെ ആചാരങ്ങളും നിയമങ്ങളുമാണ് നിലവിൽ ശബരിമലയിൽ തുടരുന്നത്. സ്ത്രീ പ്രവേശനം സംബന്ധിച്ച വ്യത്യസ്ത നിലപാടുകള്‍ പൊതുസമൂഹത്തിലുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട ദേവസ്വം ബോർഡിന്റെ നിയമങ്ങൾ സാമൂഹിക പ്രവർത്തക കൂടിയായ തൃപ്തി ദേശായിക്കും ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി.
പയ്യന്നൂരില്‍ ‘സ്വതന്ത്രലോകം 2016’ സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് വരുന്ന ജനുവരിയിൽ ശബരിമലയിൽ പ്രവേശിക്കുമെന്ന് തൃപ്തി ദേശായ് വ്യക്തമാക്കിയത്. മറ്റ് അയ്യപ്പക്ഷേത്രങ്ങളില്‍ സ്ത്രീപ്രവേശനത്തിന് വിലക്കില്ലാതിരുന്നിട്ടും ശബരിമലയിൽ എന്തുകൊണ്ട് പ്രവേശം അനുവദിക്കുന്നില്ലെന്നും വിശ്വാസത്തെയല്ല, വിശ്വാസക്കച്ചവടത്തെയാണ് താൻ ചോദ്യംചെയ്യുന്നതെന്നും തൃപ്തി ദേശായ് പറഞ്ഞിരുന്നു.