പ്രശ്നങ്ങള്‍ക്ക് പിന്നില്‍ ബാഹ്യ ഇടപെടലുകള്‍, ജിഷ്ണുവിന്റെ ബന്ധുക്കൾക്കെതിരായ പൊലീസ്​ബലപ്രയോഗം ഐജി അന്വേഷിക്കും: ലോക്‌നാഥ് ബെഹ്‌റ

സംഭവങ്ങള്‍ ഐജി അന്വേഷിക്കുമെന്ന് ഡിജിപി

Manoj Abraham, DGP, Loknath Behra, Justice For Jishnu, Mahija, തിരുവനന്തപുരം, പൊലീസ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഐ ജി, പിണറായി വിജയന്‍, മഹിജ, ജിഷ്ണു
തിരുവനന്തപുരം| സജിത്ത്| Last Modified ബുധന്‍, 5 ഏപ്രില്‍ 2017 (13:52 IST)
പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ അരങ്ങേറിയ സംഭവങ്ങള്‍ ഐജി അന്വേഷിക്കുമെന്നും പുറത്തുനിന്നുള്ള ആളുകളാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജിഷ്ണുവിന്റെ അമ്മയെ പൊലീസ് വലിച്ചിഴച്ചെന്ന ആരോപണം പരിശോധിക്കുമെന്നും ജിഷ്ണുവിന്റെ ബന്ധുക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നതായും ഡിജിപി അറിയിച്ചു. സംഭവങ്ങളെക്കുറിച്ച് ഐജി മനോജ് എബ്രഹാമിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്നു വൈകുന്നേരത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും ബെഹ്റ പ്രതികരിച്ചു.

അതേസമയം, പൊലീസിന്റെ അതിക്രമത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജിഷ്ണു പ്രണോയിയുടെ അമ്മയെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സന്തര്‍ശിച്ചു. ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പൊലീസ് നടപടി വന്‍ വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ബെഹ്‌റ ആശുപത്രിയില്‍ എത്തിയത്. കസ്റ്റഡിയില്‍ എടുത്ത ബന്ധുക്കളല്ലാത്ത എല്ലാവരെയും വിട്ടയക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബന്ധുക്കള്‍ അല്ലാത്ത ആറുപേര്‍ കസ്റ്റഡിയിലുണ്ടെന്ന് ഐജി മനോജ് എബ്രഹാമും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കി.

ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് ക്രൂരമായ മര്‍ദനമേറ്റെന്ന് അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞിരുന്നു. മ്യൂസിയം എസ്‌ഐയാണ് അവരെ ക്രൂരമായിമര്‍ദിച്ചതെന്നും തനിക്കും മര്‍ദനമേറ്റതായും ശ്രീജിത്ത് വ്യക്തമാക്കി. മഹിജയെ തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റുമെന്നാണ് വിവരം. ജിഷ്ണു പ്രണോയ് മരിച്ച് എണ്‍പത് ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കുടുംബം ഇന്നുമുതല്‍ നിരാഹാരസമരം നടത്താനായി പൊലീസ് ആസ്ഥാനത്ത് എത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :