പൊതുപ്രവർത്തകർക്കെതിരായ ലോകായുക്ത വിധി സർക്കാരിന് തള്ളാം, ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 ഫെബ്രുവരി 2022 (13:16 IST)
ഭേദഗതി ഓർഡിനൻസിൽ ആരി‌ഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ഇതോടെ പൊതുപ്രവർത്തകർക്കെതിരായ ലോകായുക്ത വി‌ധി ഇനി സർക്കാരിന് തളളാം. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദ​ഗതിക്കാണ് ഗവർണറുടെ അംഗീകാരം. ഭരണകക്ഷിയിൽ ഉൾപ്പെട്ട സിപിഐ‌യും പ്രതിപക്ഷവും ബിജെപിയും നേരത്തെ ഓർഡിനൻസിനെതിരെ രംഗത്ത് വന്നിരുന്നു.

1999ലെ ലോകായുതക്ത നിയമത്തിലെ 14ാം വകുപ്പ് പ്രകാരം ലോകായുക്ത വിധി അതേപടി അം​ഗീകരിച്ച് കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ അധികാര സ്ഥാനത്ത് നിന്ന് നീക്കേണ്ടതാണ്.ബന്ധപ്പെട്ട അധികാരി മൂന്ന് മാസത്തിനകം പ്രഖ്യാപനം തള്ളിയില്ലെങ്കിൽഅത് അം​ഗീകരിച്ചതായി കണക്കാക്കും. ഈ അധികാരമാണ് ലോകായുക്തയ്ക്ക് ഇല്ലാതായത്. ഇനി വിധി വന്ന് മൂന്നുമാസത്തിനുള്ളിൽ കുറ്റാരോപിതരുടെ ഹിയറിങ് നടത്തി സർക്കാരിന് ലോകായുക്തയുടെ തീരുമാനം തള്ളാം.

ഭേദ​ഗതി ഒപ്പിട‌ാൻ തുടക്കത്തിൽ എതിർപ്പ് പ്രകടിപ്പിച്ച ​ഗവർണറെ മുഖ്യമന്ത്രി നേരിട്ടെത്തി കണ്ടാണ് അനുനയിപ്പിച്ചത്. ഇന്നലെ മുഖ്യമന്ത്രി ഒരു മണിക്കൂറിലേറെ സമയം ഗവർണറുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്കായി ചിലവഴിച്ചു.ലോകായുക്ത ജഡ്ജിയുടെ യോഗ്യതയും ഇളവ് ചെയ്തിട്ടുണ്ട്. പുതിയ ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാം. ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയും മാറ്റി. വിരമിച്ച ഹൈക്കോടതി ജഡ്ജിമാർക്ക് മാത്രമാകും ഇനി ഉപലോകായുക്തയാകുവാൻ സാധിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :