കൊച്ചി|
JOYS JOY|
Last Modified ശനി, 12 ഡിസംബര്‍ 2015 (10:24 IST)
ലോഗോയും ടാഗ് ലൈനുമല്ല സ്‌മാര്‍ട് സിറ്റിയെന്ന് എറണാകുളം ജില്ല കളക്‌ടര്‍ രാജമാണിക്യം. ഫേസ്‌ബുക്ക് പോസ്റ്റിലാണ് രാജമാണിക്യം നിലപാട് വ്യക്തമാക്കിയത്. നടപ്പാതകളില്ലാത്ത റോഡുകള്‍, ആസൂത്രണമില്ലാതെ കെട്ടി ഉയര്‍ത്തിയ കെട്ടിടങ്ങള്‍ തുടങ്ങി പരിഹരിക്കേണ്ട വിഷയങ്ങള്‍ നിരവധിയുള്ളപ്പോള്‍ ലോഗോയും ടാഗ് ലൈനുമാണ് ജനങ്ങള്‍ തെരഞ്ഞെടുത്ത കൌണ്‍സിലിന്റെ ചര്‍ച്ചാവിഷയമെന്ന് കളക്‌ടര്‍ പറയുന്നു.
സ്വീവറേജ് സംസ്‌കരണത്തിനായി കെ എസ് യു ഡി പി മുഖേന അനുവദിച്ച പദ്ധതി അവതാളത്തിൽ പോയതിനെക്കുറിച്ചുളള ചര്‍ച്ച, ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരം എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ഒക്കെ പ്രതീക്ഷിക്കുന്ന ജനങ്ങള്‍ വിഡ്‌ഢികളാണെന്നും കളക്‌ടര്‍ പറയുന്നു.
തെരുവുകളില്‍ മാലിന്യം ഉണ്ടാകാതിരിക്കാന്‍, പൊതുഗതാഗതം മെച്ചപ്പെടുത്താന്‍, നഗരവികസനം ആസൂത്രിതമാകാന്‍ ഇനിയെങ്കിലും ചര്‍ച്ച നടക്കുമോ എന്നും കളക്‌ടര്‍ ചോദിക്കുന്നു.
കളക്‌ടറുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ;
“രാജ്യത്തെ ആദ്യത്തെ സ്മാര്‍ട്ട് സിറ്റികളില്‍ ഒന്നാകാന്‍ ഒരുങ്ങുകയാണ് കൊച്ചി. മാലിന്യക്കൂമ്പാരത്താല്‍ ചീഞ്ഞളിഞ്ഞ തെരുവോരങ്ങള്‍, പൊട്ടിപ്പൊളിഞ്ഞ, നടപ്പാതകളില്ലാത്ത റോഡുകള്‍, ആസൂത്രണമില്ലാതെ കെട്ടി ഉയര്‍ത്തിയ കെട്ടിടങ്ങള്‍... ഇതിനെല്ലാം പരിഹാരമാകേണ്ട പദ്ധതിയാണ് സ്മാര്‍ട്ട് സിറ്റി. എന്നാല്‍ കൊച്ചിയിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത കൗണ്‍സിലിന്റെ ചര്‍ച്ചാവിഷയം ലോഗോയും ടാഗ് ലൈനും ... നഗരത്തിലെ കെട്ടിടങ്ങള്‍ക്കും മതിലുകള്‍ക്കും നീലപ്പെയിന്റടിക്കലും....
സ്വീവറേജ് സംസ്‌കരണത്തിനായി കെഎസ്‌യുഡിപി മുഖേന അനുവദിച്ച പദ്ധതി അവതാളത്തിൽ പോയതിനെക്കുറിച്ചുളള ചര്‍ച്ച, ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരം എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച ചര്‍ച്ച................... ഇങ്ങനെ എന്തെങ്കിലും പ്രതീക്ഷിക്കുന്ന ജനങ്ങളല്ലേ വിഢികള്‍.
നമ്മുടെ തെരുവുകളില്‍ മാലിന്യമുണ്ടാകാതിരിക്കാന്‍, പൊതുഗതാഗതം മെച്ചപ്പെടുത്താന്‍, നഗരവികസനം ആസൂത്രിതമാകാന്‍...എന്തെങ്കിലും ചര്‍ച്ച നടക്കുമോ .. ഇനിയെങ്കിലും.”