കൊച്ചി|
JOYS JOY|
Last Updated:
ശനി, 5 സെപ്‌റ്റംബര്‍ 2015 (12:20 IST)
സ്മാര്‍ട് സിറ്റിയുടെ ആദ്യഘട്ടം പൂര്‍ത്തീകരിക്കാന്‍ തടസങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതായും സ്മാര്‍ട് സിറ്റി ഉദ്ഘാടനം ഡിസംബര്‍ പത്തിനും ഇരുപതിനും ഇടയില്‍ നടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്മാര്‍ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായിട്ട് ആയിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നത്. സ്മാര്‍ട് സിറ്റിയുടെ 45ാമത് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഇന്ന് നടന്നത്.
ആദ്യ ഐ ടി മന്ദിരത്തിന്റെ നിര്‍മ്മാണ പുരോഗതി, മന്ദിരത്തിന്റെ ഉദ്ഘാടന തയ്യാറെടുപ്പുകള്‍, പദ്ധതി ഒന്നാംഘട്ടത്തിന്റെ അവസ്ഥ, കോഡെവലപ്പര്‍മാരുടെ പദ്ധതികളുടെയും മറ്റ് അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെയും പുരോഗതി എന്നിവ യോഗം വിലയിരുത്തി.
യോഗത്തില്‍ സ്മാര്‍ട്ട്സിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷനായിരുന്നു. വൈസ് ചെയര്‍മാന്‍ ജാബര്‍ ബിന്‍ ഹാഫിസ്, മന്ത്രി കെ ബാബു, ചീഫ് സെക്രട്ടറി ജിജി തോംസണ്‍,
എം എ യൂസഫലി, സ്മാര്‍ട്ട് സിറ്റി സി ഇ ഒ ഡോ. ബാജു ജോര്‍ജ്, ഐ ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.