ഘട്ടംഘട്ടമായി ഇളവുകള്‍ അനുവദിക്കാം, ഒറ്റയടിക്ക് തുറന്നുകൊടുക്കരുത്; ലോക്ക്ഡൗണ്‍ നീട്ടും

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 27 മെയ് 2021 (09:39 IST)

കേരളത്തില്‍ ലോക്ക്ഡൗണ്‍ നീട്ടും. ഇപ്പോഴത്തെ രീതിയില്‍ രോഗനിരക്ക് തുടരുകയാണെങ്കില്‍ ലോക്ക്ഡൗണ്‍ നീട്ടേണ്ടിവരുമെന്നാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ മന്ത്രിമാരുടെ പൊതു അഭിപ്രായം. രോഗനിരക്ക് കുറച്ചുകൊണ്ടുവന്ന ശേഷം മാത്രം ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കുന്ന കാര്യം ആലോചിക്കാമെന്നാണ് മന്ത്രിമാരുടെ നിലപാട്. രോഗവ്യാപനം കുറഞ്ഞ ജില്ലകളില്‍ മാത്രം ഇളവ് അനുവദിക്കാമെന്നാണ് പൊതു അഭിപ്രായം.

നിലവില്‍ മേയ് 30 വരെയാണ് ലോക്ക്ഡൗണ്‍. മേയ് 30 നു ശേഷവും ലോക്ക്ഡൗണ്‍ തുടരുന്ന കാര്യമാണ് സര്‍ക്കാരും ആരോഗ്യവകുപ്പും ആലോചിക്കുന്നത്. ഒറ്റയടിക്ക് ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനോട് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും യോജിപ്പില്ല. ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ ലഘൂകരിക്കാം. ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കി നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ആരോഗ്യവകുപ്പും പറയുന്നത്.

മേയ് 30 ന് ശേഷം ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടാനുള്ള സാധ്യതയാണ് ഇപ്പോള്‍ കാണുന്നത്. നിലവില്‍ മിക്കദിവസങ്ങളിലും ഇരുപത്തയ്യായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഒറ്റയടിക്ക് ലോക്ഡൗണ്‍ ഒഴിവാക്കാവുന്ന സ്ഥിതിയില്ലെന്നാണ് പൊതുവിലയിരുത്തല്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴുമ്പോഴും മരണനിരക്ക് ഉയരുന്നത് വലിയ ആശങ്കയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :