രോഗവ്യാപനതോത് കുറയുംവരെ ലോക്ക്ഡൗണ്‍ നീട്ടല്‍? ആശങ്കയോടെ കേരളം

രേണുക വേണു| Last Modified വ്യാഴം, 10 ജൂണ്‍ 2021 (09:15 IST)

കേരളത്തില്‍ ഉടന്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. സംസ്ഥാനത്തെ രോഗസ്ഥിരീകരണ നിരക്ക് പത്ത് ശതമാനത്തില്‍ കുറയണമെങ്കില്‍ ഇനിയും രണ്ട് ആഴ്ച വേണ്ടിവരുമെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു. രോഗസ്ഥിരീകരണ നിരക്ക് പത്ത് ശതമാനത്തില്‍ കുറഞ്ഞാല്‍ മാത്രമേ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സാധ്യതയുള്ളൂ. ജൂണ്‍ 23 വരെ ലോക്ക്ഡൗണ്‍ നീട്ടാനും സാധ്യതയേറി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 നും 15 നും ഇടയില്‍ തുടരുകയാണ്. രോഗസ്ഥിരീകരണ നിരക്ക് 13 ശതമാനത്തില്‍ കുറയാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഇന്നലെ സംസ്ഥാനത്തെ രോഗസ്ഥിരീകരണ നിരക്ക് 14.09 ശതമാനമാണ്. ജൂണ്‍ എട്ടിന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15 ശതമാനമായിരുന്നു.

മേയ് 31 ന് കേരളത്തില്‍ 12,300 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ശതമാനമായിരുന്നു. സംസ്ഥാനത്തെ കോവിഡ് കര്‍വ് താഴുന്നതിന്റെ ഗ്രാഫ് വിശകലനം ചെയ്യുമ്പോള്‍ മേയ് 31 ന് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 ശതമാനത്തില്‍ നിന്ന് കുറയേണ്ടതായിരുന്നു. എന്നാല്‍, ജൂണ്‍ ഒന്നിന് കേരളത്തില്‍ 19,760 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനം ആകുകയും ചെയ്തു. തുടര്‍ന്നുള്ള രണ്ട് ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടി. ജൂണ്‍ രണ്ടിന് 19,661 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ശതമാനമായി. ജൂണ്‍ മൂന്ന് വ്യാഴാഴ്ചയും സ്ഥിതി സമാനമാണ്. 18,853 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ശതമാനവും! ജൂണ്‍ നാലിന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ശതമാനമായി. ജൂണ്‍ അഞ്ചിന് 17,328 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89 ആയി ഉയര്‍ന്നു. ജൂണ്‍ ആറിനും സ്ഥിതി വ്യത്യസ്തമല്ല, 14,672 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 14.27 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മേയ് 31 ന് ശേഷം ആദ്യമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 ലേക്ക് എത്തുന്നത് ജൂണ്‍ ഏഴ് തിങ്കളാഴ്ചയാണ്. 9,313 പേര്‍ക്കാണ് ജൂണ്‍ ഏഴിന് രോഗം സ്ഥിരീകരിച്ചത്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ശതമാനമായി താഴ്ന്നിരുന്നു. എന്നാല്‍, പിന്നീട് രോഗസ്ഥിരീകരണ നിരക്ക് ഉയരുകയായിരുന്നു.

ജൂണ്‍ 16 ആകുമ്പോഴേക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ കുറഞ്ഞില്ലെങ്കില്‍ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടേണ്ടിവരും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കിയാല്‍ രോഗികളുടെ എണ്ണം കുതിച്ചുയരാന്‍ സാധ്യതയുണ്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒറ്റയടിക്ക് പിന്‍വലിച്ചാല്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 30,000 കടന്നേക്കുമെന്ന ആശങ്ക ആരോഗ്യവകുപ്പിനും സര്‍ക്കാരിനും ഉണ്ട്. അതുകൊണ്ടാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ കുറയ്ക്കാന്‍ തീവ്രപരിശ്രമം നടത്തുന്നത്.

എന്നാല്‍, ഇനിയും ലോക്ക്ഡൗണ്‍ നീട്ടുന്നതിനോട് കടുത്ത വിയോജിപ്പുമായി നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ നീട്ടല്‍ ജനജീവിതം കൂടുതല്‍ ദുസഹമാക്കുമെന്നാണ് ഇവരുടെ അഭിപ്രായം. ആളുകള്‍ കൂടുന്ന സാഹചര്യം പൂര്‍ണമായി ഒഴിവാക്കി ജനജീവിതം സാധാരണ നിലയിലേക്ക് എത്തിക്കണമെന്നാണ് അഭിപ്രായം. ഇക്കാര്യവും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :