അപർണ|
Last Modified ചൊവ്വ, 1 മെയ് 2018 (10:31 IST)
കോവളത്ത് കണ്ടൽക്കാടുകൾക്കിടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദേശവനിതയുടെ കേസിൽ നിർണായക മൊഴി. ബോട്ടിങ് നടത്താമെന്ന് പറഞ്ഞാണ് ലിഗയെ കോവളത്തെ കണ്ടൽക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയതെന്ന്
പൊലീസിന് വിവരം ലഭിച്ചു.
കേസുമായി ബന്ധപ്പെട്ട് പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തവരിൽ ഒരാളാണ് ഈ നിർണായക മൊഴി നൽകിയിരിക്കുന്നത്. ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുടെ അറസ്റ്റ് വൈകുന്നതിനിടെ, പൊലീസിനു കച്ചിത്തുരുമ്പായി മാറിയിരിക്കുകയാണ് ഈ മൊഴി.
ലിഗയെ കണ്ടൽക്കാട്ടിലെത്തിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാൾക്കായുള്ള അന്വേഷണം ആരംഭിച്ചു. അതേസമയം, ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ലഭിച്ച ശേഷമേ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തൂ എന്നാണ് വിവരം.
വിഷാംശം ശരീരത്തിലുണ്ടോയെന്നും ലൈംഗികാതിക്രമമുണ്ടായോ എന്നുമാണ് ഇനി അറിയേണ്ടത്.
എന്നാൽ,
ലിഗ വാഴമുട്ടത്തെ കണ്ടൽക്കാട്ടിൽ എങ്ങനെ എത്തിയെന്നും ആരാണ് ഇവരെ ഇവിടെ എത്തിച്ചതെന്നും പൊലീസിന് ഇപ്പോഴും വ്യക്തതയില്ല. പഠിപ്പിച്ചു വിട്ടതു പോലെയാണു കസ്റ്റഡിയിലുള്ളവർ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത്.