അപർണ|
Last Updated:
തിങ്കള്‍, 30 ഏപ്രില്‍ 2018 (14:06 IST)
കോവളത്ത് കൊലചെയ്യപ്പെട്ട ലിഗയുടെ കേസ് സംബന്ധിച്ച് ലിഗയുടെ കുടുംബത്തെ സഹായിച്ച സാമൂഹിക പ്രവർത്തക അശ്വതി ജ്വാലയെ പൊലീസ് വേട്ടയാടുന്നു. ലിഗയുടെ തിരോധാനത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന പരാതിയിന്മേല്‍ പൊലീസ് അശ്വതിയ്ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
എന്നാൽ, പരാതി ലഭിച്ചതിന് ശേഷം സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലും ഓഫീസിലും ദിവസേന കയറിയിറങ്ങുകയാണെന്നും തന്നെ വേട്ടയാടുകയാണെന്നും അശ്വതി പറയുന്നു. സാമ്പത്തികത്തട്ടിപ്പ് ആരോപണത്തില്‍ നോട്ടീസ് കിട്ടിയ ശേഷം ഹാജരായാല്‍ മതിയെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
കോവളം സ്വദേശി അനിലാണു അശ്വതിയ്‌ക്കെതിരെ പരാതി നല്‍കിയത്. പരാതിക്കാരനായ അനിലിന്റെ വിശദാംശങ്ങള്‍ ഇതുവരെ പൊലീസ് പുറത്തു വിടുന്നില്ല. ലിഗയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ പൊലീസിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച അശ്വതിക്കെതിരെ പലഭാഗത്തു നിന്നും ഭീഷണികള്‍ ഉയര്‍ന്നിരുന്നു.
അശ്വതിക്ക് പിന്തുണയുമായി നിരവധി പേര് ആണ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രതികരിക്കുന്നത്. ലിഗയുടെ സഹോദരി ഇലിസ പണപ്പിരിവിന്റെ വിഷയം നിഷേധിച്ചു രംഗത്തെത്തുകയും ചെയ്തിരുന്നു. തനിക്കെതിരെയുളള ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് അശ്വതി വ്യക്തമാക്കി.