രേണുക വേണു|
Last Modified ശനി, 22 നവംബര്‍ 2025 (09:24 IST)
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടക്കും മുന്‍പ് എല്‍ഡിഎഫ് 15 സീറ്റുകളില്‍ എതിരില്ലാതെ ജയിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് എതിര്‍ സ്ഥാനാര്‍ഥികളില്ലാതെ എല്‍ഡിഎഫ് ജയം.
കണ്ണൂരില്‍ ആറിടത്താണ് എല്‍ഡിഎഫ് ജയിച്ചത്. ആന്തൂര്‍ നഗരസഭയിലെ രണ്ട് വാര്‍ഡുകളിലും മലപ്പട്ടം, കണ്ണപുരം പഞ്ചായത്തുകളിലെ രണ്ട് വീതം വാര്‍ഡുകളിലും എല്‍ഡിഎഫ് ജയിച്ചു. മലപ്പട്ടം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച സി.കെ.ശ്രേയ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വാര്‍ഡ് അഞ്ചില്‍ സിപിഎം സ്ഥാനാര്‍ഥി ഐ.വി.ഒതേനനും എതിരില്ല.
ആന്തൂര്‍ നഗരസഭ മോറാഴ വാര്‍ഡില്‍ രജിത കെ, 19-ാം വാര്‍ഡില്‍ കെ.പ്രേമരാജന്‍ എന്നിവര്‍ക്കു ജയം. യുഡിഎഫിലോ എന്‍ഡിഎയിലോ എതിരില്ലാത്ത വിജയം ആര്‍ക്കുമില്ല.
അതേസമയം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുവേണ്ടി സമര്‍പ്പിച്ചിട്ടുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തുക.