യുഡിഎഫിനെ തകര്‍ക്കാന്‍ സിപിഎമ്മിന്റെ പ്ലാന്‍ ബി; അസംതൃപ്തര്‍ക്കായി ചരടുവലി, നേതൃത്വം നല്‍കി പിണറായിയും കോടിയേരിയും

നെല്‍വിന്‍ വില്‍സണ്‍| Last Updated: ചൊവ്വ, 1 ജൂണ്‍ 2021 (12:45 IST)

യുഡിഎഫിനെ ശിഥിലമാക്കാന്‍ പദ്ധതിയിട്ട് സിപിഎം. മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനുമാണ് ഇതിനു നേതൃത്വം നല്‍കുന്നത്. കേരള കോണ്‍ഗ്രസ് (എം), എന്‍സിപി, ഐഎന്‍എല്‍ തുടങ്ങിയ ഘടകകക്ഷികളെ മുന്‍നിര്‍ത്തിയാണ് ഈ നീക്കം. കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എന്നീ പാര്‍ട്ടികളില്‍ നിന്ന് അസംതൃപ്തരായ നേതാക്കളെ മുന്നണിയിലേക്ക് എത്തിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഇതിനായി കരുനീക്കങ്ങള്‍ ആരംഭിച്ചു.

മധ്യതിരുവിതാംകൂറില്‍ കേരള കോണ്‍ഗ്രസ് എമ്മിന് നല്ല വേരോട്ടമുണ്ട്. ജോസ് കെ.മാണിയെ ഉപയോഗിച്ച് കൂടുതല്‍ പ്രതിപക്ഷ നേതാക്കളെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തന്നെ സമീപിച്ചിട്ടുണ്ടെന്ന് ഈയിടെ ജോസ് കെ.മാണി പറഞ്ഞതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. പി.ജെ.ജോസഫ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസില്‍ നിന്ന് നിരവധി നേതാക്കളും പ്രവര്‍ത്തകരും ജോസ് കെ.മാണിക്കൊപ്പം ചേരാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടെന്നാണ് വിവരം. യുഡിഎഫിന് ഭരണമില്ലാത്തതാണ് പല നേതാക്കളെയും നിരാശരാക്കുന്നത്.

എന്‍സിപിയിലേക്ക് വരാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാണ്. പി.സി.ചാക്കോയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കോണ്‍ഗ്രസ് നേതാക്കളാണ് മുന്നണി മാറ്റം ആലോചിക്കുന്നത്. ഇതിനു ചുക്കാന്‍ പിടിക്കുന്നത് ചാക്കോ തന്നെയാണ്. എന്‍സിപി സംസ്ഥാന അധ്യക്ഷസ്ഥാനത്തേയ്ക്ക് ചാക്കോയെ കൊണ്ടുവന്നതും ഇതിന്റെ ഭാഗമായാണ്. പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ എന്‍സിപിയിലേക്ക് എത്തുമെന്ന് പി.സി.ചാക്കോയും പറയുന്നു.

മലബാര്‍ മേഖലയിലും സിപിഎം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഐഎന്‍എല്ലിനെ മുന്‍നിര്‍ത്തിയാണ് മലബാര്‍ മേഖലയില്‍ കരുനീക്കം. മുസ്ലിം ലീഗിലെ അതൃപ്തരെ ഐഎന്‍എല്ലിലൂടെ മുന്നണിയിലേക്ക് എത്തിക്കാനാണ് സിപിഎം ശ്രമം. നേതാക്കളേക്കാള്‍ ഉപരി പ്രവര്‍ത്തകര്‍ക്കാണ് ലീഗില്‍ അതൃപ്തിയുള്ളത്. ഇവര്‍ ഐഎന്‍എല്ലിലേക്ക് എത്തിയാല്‍ അത് മുസ്ലിം ലീഗിന്റെ കരുത്ത് കുറയ്ക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :