തെരഞ്ഞെടുപ്പിന്റെ മറവില്‍ ഏക്കര്‍ കണക്കിന്‌ നെല്‍പ്പാടങ്ങള്‍ നികത്തി

ആലപ്പുഴ| Last Modified ബുധന്‍, 7 മെയ് 2014 (17:07 IST)
തെരഞ്ഞെടുപ്പിന്റെ മറവില്‍ കുട്ടനാട്ടില്‍ ഏക്കര്‍ കണക്കിന്‌ നെല്‍പ്പാടങ്ങള്‍ നികത്തി. ഇതു തുടര്‍ന്നാല്‍ ഒരു ദശാബ്ദത്തിനകം പല പാടശേഖരങ്ങളും കൃഷിവകുപ്പിന്റെ ലിസ്റ്റില്‍ നിന്നും ഇല്ലാതാകും. റവന്യു-കൃഷി അധികൃതരുടെയും, രാഷ്ട്രിയ കക്ഷികളുടേയും ഒത്താശയോടെയാണ്‌ ഇത്‌. ഇത്തരത്തിലുള്ള നികത്തുപുരയിടങ്ങള്‍ക്ക്‌ പഞ്ചായത്തുകള്‍ അനുമതി നല്‍കുന്നതും പതിവായി.

രാമങ്കരി, വെളിയനാട്‌, മുട്ടാര്‍. നെടുമുടി പുളിങ്കുന്ന്‌ കൃഷി ഭവനുകള്‍ക്ക്‌ പുറമെ എടത്വ, തകഴി തുടങ്ങിയ അപ്പര്‍ കുട്ടനാടന്‍ മേഖലയിലുമാണ്‌ ഏറെയും നിലം നികത്തിയത്‌. വ്യാപക പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ഏതാനും പേര്‍ക്ക്‌ സ്റ്റോപ്‌ മെമ്മോ കൊടുക്കാന്‍ റവന്യു വകുപ്പ്‌ തയ്യാറായതൊഴിച്ചാല്‍ മറ്റൊരു നടപടിയും സ്വീകരിച്ചിട്ടില്ല. നിലം നികത്തലിന്റെ മറവില്‍ രാഷ്ട്രീയകക്ഷികളും റവന്യു, കൃഷി ഉദ്യോഗസ്ഥരും അടങ്ങിയ ലോബി ലക്ഷക്കണക്കിന്‌ രൂപ തെരഞ്ഞെടുപ്പ്‌ ഫണ്ടിലേക്കും മറ്റും സ്വരൂപിച്ചതായും ആക്ഷേപമുണ്ട്‌.

പ്രദേശത്തെ കൃഷി ഓഫീസര്‍, വില്ലേജ്‌ ഓഫീസര്‍, പഞ്ചായത്ത്‌ പ്രസിഡന്റ്‌, കര്‍ഷക പ്രതിനിധി, തൊഴിലാളി പ്രതിനിധി എന്നിവരടങ്ങിയ സമിതിക്ക്‌ നിലം നികത്തലിന്‌ അപേക്ഷ നല്‍കുകയും ഈ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആര്‍ഡിഒ പത്ത്‌ സെന്റുവരെ നികത്താന്‍ അനുമതി നല്‍കാമെന്നുമാണ്‌ നിയമം. മൂന്ന്‌ മാസത്തിനുള്ളില്‍ സ്ഥലം നികത്തിയിരിക്കണമെന്നും നിയമത്തില്‍ പറയുന്നുണ്ടെങ്കിലും ഇതൊന്നും നടക്കാറില്ല. അനധികൃതമായി നെല്‍വയല്‍ നികത്തിയെടുത്ത സ്ഥലത്തിന്‌ പഞ്ചായത്തുകള്‍ പുരയിടമെന്ന്‌ രേഖപ്പെടുത്താന്‍ തയ്യാറാകുന്നതോടെ വിഷയം അവസാനിക്കുകയാണ്‌ പതിവ്‌.

ഓരോ മാസവും നൂറു കണക്കിന്‌ ഏക്കര്‍ കൃഷി നിലമാണ്‌ നികത്തി മാറ്റുന്നത്‌. നികത്തു മാഫിയകള്‍ പിടിമുറുക്കി പാടശേഖരങ്ങളും നീര്‍ച്ചാലുകളും കരകളാക്കി മാറ്റി പണം കൊയ്യുമ്പോള്‍ വീടുവയ്ക്കാന്‍ 10 സെന്റ്‌ നിലം നികത്താന്‍ കൃഷിഭവനില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്‌ സാധാരണക്കാര്‍. കാവാലം കുന്നുമ്മയില്‍ ആര്‍ഡിഒയുടെ ഉത്തരവ്‌ മറികടന്നും റിസോര്‍ട്ടുകാര്‍ നിലംനികത്തല്‍ തുടരുകയാണ്‌.

കുട്ടനാട്ടിലെ പുഞ്ചക്കൃഷിയും രണ്ടാം കൃഷിയും പരമാവധി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഒരുവശത്തു നടക്കുമ്പോഴാണ്‌ മറുഭാഗത്ത്‌ അധികൃതരുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും ഒത്താശയോടെ നിലം നികത്തല്‍ നടക്കുന്നതെന്നതാണ്‌ വിരോധാഭാസം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :