അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസ് രാജിവച്ചു. പഞ്ചായത്ത് സെക്രട്ടറി സെലിനയ്ക്ക് മുമ്പാകെയാണ് രാജി കത്ത് സമര്‍പ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റിനോടൊപ്പം സ്റ്റാന്റിംഗ്കമ്മറ്റി ചെയര്മാന് എന്‍.എം. സലിമും രാജി വച്ചു. ഇന്ന് ഇവര്‍ക്കെതിരെ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെയാണ് നാടകീയമായ രാജി അരങ്ങേറിയത്.
കോണ്‍ഗ്രസിന്റെ അംഗമായിരുന്നു ഡെയ്സി തോമസ്. 14അംഗങ്ങളുള്ള പഞ്ചായത്ത് സമിതിയില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെയാണ് വൈസ്പ്രസിഡന്റ് കൂടിയായ വിഎന്‍ രാജന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഈ നോട്ടിസിന് മേല്‍ ഇന്ന് ചര്‍ച്ചയ്ക്ക് യോഗം ചേരുവാന്‍ ഇരിക്കേയാണ് പ്രസിഡന്റിന്റെ രാജി.
ഇടത് പക്ഷത്തിന്റെ സൗദാബീവിയെ കോടതി അ യോഗ്യമാക്കിയതാണ് ഭരണ അനിശ്ചിതത്വം ഉണ്ടാകാന്‍ കാരണം. ഇവര്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടതോടെ വലത് മുന്നണിക്ക് ഭരണം ലഭിക്കുകയായിരുന്നു. എന്നാല്‍ സിഎംപി സംസ്ഥാന നേതൃത്വം യുഡിഎഫ് വിട്ടത് അശമന്നൂര്‍ ഭരണകക്ഷിക്ക് വിനയായി.
യുഡിഎഫിനൊപ്പം നിന്ന വൈസ്പ്രസിഡന്റ് അടക്കമുള്ള രണ്ട് സിഎംപി അംഗങ്ങള്‍ മുന്നണി വിട്ടതോടെയാണ് ഇവര്‍ക്ക് ഭൂരിപക്ഷം നഷ്ടമായത്. സിഎംപി ഇടത് മുന്നണിയോടൊപ്പം ചേര്‍ന്നാണ് അ വിശ്വാസം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്താല്‍ പരാജയപ്പെടുമെന്നരിക്കെയാണ് പ്രസിഡന്റിന്റെ രാജി.