ഭൂമിതട്ടിപ്പു കേസ്: സലിംരാജ് അടക്കം പത്തു പേരെ സിബിഐ അറസ്റ്റു ചെയ്തു

കളമശേരി ഭൂമി തട്ടിപ്പു കേസ് , ഉമ്മൻചാണ്ടി , സലിം രാജ്
തിരുവനന്തപുരം/കൊച്ചി| jibin| Last Modified ബുധന്‍, 3 ജൂണ്‍ 2015 (15:05 IST)
കടകംപള്ളി, കളമശേരി ഭൂമി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മുൻ ഗൺമാൻ സലിംരാജിനെ സിബിഐ അറസ്റ്റു ചെയ്തു. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് സലിം രാജ് ഉൾപ്പെടെ പത്ത് പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ ആറു പേരും ഉദ്യോഗസ്ഥരാണ്. കളമശേരി അഡിഷണൽ തഹസീൽദാർ വിദ്യോദയ കുമാറിനെയും കളക്ടറേറ്റിലെ മൂന്ന് ഉദ്യോഗസ്ഥരെയും അറസ്റ്റു ചെയ്തു.

തിരുവനന്തപുരത്തെ സിബിഐ ഓഫിസിലേക്ക് ഇന്നു രാവിലെ സലിം രാജിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. തൃക്കാക്കര വില്ലേജ് ഓഫീസർ സാബു, വില്ലേജ് അസിസ്റ്റന്റ് മുറാദ്, കലക്ട്രേറ്റിലെ ക്ലാർക്ക് ഗീവർഗീസ്, വിദ്യോധയ കുമാർ, നാസർ, അബ്ദുൽ മജീദ്, ജയറാം, എംഎസ് സലീം, മുഹമ്മദ് അഷ്റഫ് എന്നിവരാണ് സലീം രാജിനൊപ്പം അറസ്റ്റിലായത്. ഉദ്യോഗസ്ഥരും സലീം രാജിന്റെ ബന്ധുക്കളും ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഗൂഢാലോചനാ കുറ്റമാണു സലിംരാജിനെതിരെ ചുമത്തിയിരിക്കുന്നത്. കളമശേരി കേസ് സിബിഐയുടെ തിരുവനന്തപുരം യൂണിറ്റും കടകംപള്ളി കേസ് സിബിഐ കൊച്ചി യൂണിറ്റുമാണ് അന്വേഷിക്കുന്നത്. കടകംപള്ളി ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ തര്‍ക്കം ഉയര്‍ന്നിരുന്നത്. നാല്‍പ്പതോളം ഏക്കര്‍ ഭൂമി വ്യാജരേഖകളുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണു പ്രധാന പരാതി.

തിരുവനന്തപുരം നഗരത്തിൽ കടകംപള്ളി വില്ലേജ് പരിധിയിൽ 18 സർവേ നമ്പരുകളിലായുള്ള 44.5 ഏക്കർ സ്ഥലം തട്ടിയെടുക്കാൻ ശ്രമിച്ചു എന്നതാണ് കടകംപള്ളി കേസ്. തണ്ടപ്പേർ രജിസ്​റ്റിലെ 10156 എന്ന പേജ് കീറിക്കളഞ്ഞ് 3587 എന്ന നമ്പരിൽ പുതിയ തണ്ടപ്പേര് സൃഷ്ടിക്കുകയായിരുന്നു. ഒന്നര ഏക്കർ സ്ഥലത്തിന് ഇരട്ടപ്പട്ടയം നൽകി പോക്കുവരവ് നടത്തിയതായും കണ്ടെത്തി.

സലിംരാജിന്റെ സഹോദരീഭർത്താവായ അബ്ദുൽ മജീദും സഹോദരന്മാരും ചേർന്ന് തണ്ടപ്പേര് തിരുത്തി എറണാകുളം ജില്ലയിലെ തൃക്കാക്കര പത്തടിപ്പാലം ബി.എം.വി റോഡിലെ എൻ.എ. ഷറീഫയുടെ 25 കോടിയുടെ ഭൂമി കൈവശപ്പെടുത്തിയെന്നതാണ് കളമശേരി ഭൂമി തട്ടിപ്പ് കേസ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :