കുട്ടനാട്ടില്‍ ഉല്ലാസയാത്രയ്ക്കിടെ വള്ളം മറിഞ്ഞു; രണ്ട് യുവാക്കള്‍ മരിച്ചു

കുട്ടനാട്| Last Modified ഞായര്‍, 6 ജൂലൈ 2014 (08:25 IST)
കുട്ടനാട്ടില്‍ ഉല്ലാസയാത്രയ്ക്കിടെ കാറ്റില്‍പ്പെട്ട് വള്ളം മറിഞ്ഞു രണ്ട് യുവാക്കള്‍ മരിച്ചു. കായംകുളം കണ്ണോലില്‍ തെക്കേതില്‍ നിധീറിന്റെ മകന്‍ നജിമോന്‍ (28), പന്തളം പറന്തല്‍ പൊങ്ങലാടിയില്‍ ഐശ്വര്യയില്‍ നാരായണക്കുറുപ്പിന്റെ മകന്‍ വിപിന്‍ (26) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 3.30ഓടെ കാവാലം തട്ടാശേരിക്ക് പടിഞ്ഞാറ് സിഎംഎസ് ജെട്ടിക്ക് സമീപമായിരുന്നു സംഭവം. പമ്പയാറ്റില്‍ ഉല്ലാസയാത്രയ്ക്കെത്തിയ സുഹൃത്തുക്കളായ നാല് യുവാക്കള്‍
സഞ്ചരിച്ച
വള്ളമാണ് മറിഞ്ഞത്.
ചങ്ങനാശേരിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നു നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മരിച്ച നജിമോന്‍ കായംകുളം പോപ്പുലര്‍ മോട്ടോഴ്സില്‍ ജോലിക്കാരനാണ്. വിപിനും
ജാക്കും സൗദിയിലാണ്. പത്തുദിവസം മുമ്പു നാട്ടിലെത്തിയ വിപിന്‍ സുഹൃത്തായ ജാക്കിന്റെ വീട്ടില്‍ മറ്റു സ‌ുഹൃത്തുക്കളുമൊത്ത് എത്തിയതായിരുന്നു. എഞ്ചിന്‍ ഘടിപ്പിച്ച ചെറിയ ഫൈബര്‍ വള്ളത്തില്‍ ജാക്കിന്റെ വീടിനു മുമ്പിലെ ചെറിയ തോട്ടില്‍ നിന്ന് ആറ്റിലേക്കു വരവേ ശക്തമായ കാറ്റില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. നീന്തല്‍ അറിയാമായിരുന്ന ജാക്ക് പെട്ടെന്ന്
ജയകുമാറിനെ രക്ഷിച്ച്
കരയിലെത്തിച്ചു. മറ്റുള്ളവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ കയത്തിലേക്കു മുങ്ങിത്താഴുകയായിരുന്നു.
വിപിന്‍ അടുത്ത 30ന് സൗദിയിലേക്കു തിരിച്ചു പോകാനിരിക്കവേയാണ്
ദുരന്തം. പുളിങ്കുന്ന് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :