മന്ത്രിക്കുപ്പായം മാറ്റിവെച്ചു, നാട്ടുകാർക്കൊപ്പം ഭാരതപ്പുഴയിലിറങ്ങി; ഹരിത കേരളത്തിനൊപ്പം കുട പിടിച്ച് കെ ടി ജലീൽ

വ്യത്യസ്തനാമൊരു മന്ത്രി; ഹരിത കേരളത്തിനും അയ്യപ്പ ഭക്തർക്കും വേണ്ടി മന്ത്രി കുപ്പായം ഊരി വെച്ച് കെ ടി ജലീൽ നിളയിലിറങ്ങി

aparna shaji| Last Updated: വെള്ളി, 9 ഡിസം‌ബര്‍ 2016 (09:36 IST)
കേരളത്തിന്റെ മണ്ണും വെള്ളവും സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഹരിതകേരളം പദ്ധതി ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ബ്രാന്റ് അംബാസഡർ കൂടിയായ ഗാനഗന്ധർവ്വന്‍ യേശുദാസ്, നടി മഞ്ജു വാര്യര്‍ ,മലങ്കര കത്തോലിക്ക സഭ മേജര്‍ ആർച്ച് ബിഷപ് കർദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് തുടങ്ങിയവര്‍ പങ്കെടുത്തു. നഷ്ടപ്പെട്ട കാർഷിക കേരളം തിരിച്ചു പിടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

എന്നാൽ, ഉദ്ഘാടനം നിർവഹിച്ചവരിൽ നിന്നെല്ലാം വ്യത്യസ്തനായി ഒരാൾ ഉണ്ടായിരുന്നു. മന്ത്രി കെ ടി ജലീൽ.
തന്റെ ഔദ്യോഗിക പരിപാടികൾ എല്ലാം മാറ്റിവെച്ച് ഇന്നലെ മന്ത്രിക്കുപ്പായം ഊരി വെച്ച് നാട്ടുകാർക്കൊപ്പം ഭാരതപ്പുഴയിലിറങ്ങി. രാവിലെ മുതൽ ഉച്ചവരെ അദ്ദേഹം കുറ്റിപുറത്തെ നിളയിൽ ഇറങ്ങിയത് ബണ്ട് കെട്ടാൻ ആയിരുന്നു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പ്രവർത്തനം.

വര്‍ഷക്കാലം ചതിച്ചതിനെ തുടര്‍ന്ന് കുറ്റിപ്പുറത്തെ ഭാരതപ്പുഴയില്‍ വളരെ കുറച്ച് വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രദേശത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ വെള്ളം നല്‍കുന്ന പദ്ധതി പ്രദേശത്തും വെള്ളമില്ല. മാത്രമല്ല മണ്ഡലകാലത്ത് മിനി പമ്പയിലേക്കെത്തുന്ന അയപ്പന്‍മാര്‍ക്കും കുളിക്കാനും നിളാ നദിയിൽ വെള്ളമില്ല. അങ്ങനെയാണ് മന്ത്രിയും മുന്നൂറോളം ജനങ്ങളും ഭാരതപ്പുഴക്ക് കുറുകെ ബണ്ട് കെട്ടാനിറങ്ങിയത്. ഉച്ചയോടെയാണ് ബണ്ടിന്റെ നിർമാണം പൂർത്തിയായത്.

മണ്ഡലകാലത്ത് സാധാരണ വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവരും ഇതര സംസ്ഥാനത്ത് നിന്ന് വരുന്ന ഭക്തരും കുറ്റിപ്പുറത്തെ മിനി പമ്പയില്‍ ഇറങ്ങി കുളി കഴിഞ്ഞ് സമീപത്തെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് പോകാറുള്ളത്. എന്നാല്‍ ഇത്തവണ കാലവര്‍ഷം ദുര്‍ബലമായതിനാല്‍ ഭാരതപ്പുഴയില്‍ വെള്ളം കുറഞ്ഞിരുന്നു.
പുതിയ പദ്ധതി ഫലം കാണുമെന്ന പ്രതീക്ഷയിലാണ് മന്ത്രിയും നാട്ടുകാരും.
(ചിത്രത്തിന് കടപ്പാട്: ഫേസ്ബുക്ക്)







അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :