ചെന്നൈ|
aparna shaji|
Last Modified വ്യാഴം, 8 ഡിസംബര്‍ 2016 (07:29 IST)
അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ കേരളത്തിലെ രാഷ്ട്രീയ പ്രമുഖർ ഒന്നിച്ചാണ് ചെന്നൈയിൽ എത്തിയത്. 'അമ്മ'യുടെ നിര്യാണത്തിൽ കേരള ജനതയേയും സർക്കാരിനേയും അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയയും തമിഴ് മാധ്യമങ്ങളും. കേരളത്തില്‍ നിന്നും ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരും പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവിധ സംസ്ഥാനത്തെ മുഖ്യമന്ത്രിമാരും മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു കേരളം. ഭരണ - പ്രതിപക്ഷ ഭേദമില്ലാതെയാണ് കേരളത്തിലെ നേതാക്കാൾ ജയലളിതയെ കാണാൻ ചെന്നൈയിൽ എത്തിയതെന്ന് ശ്രദ്ധേയം. ഇത് പോലൊരു ഐക്യം മറ്റൊരു സംസ്ഥാനത്ത് ഉണ്ടാകുമോയെന്നാണ് തമിഴ് ജനതയുടെ പ്രധാന ചോദ്യം.
അന്തരിച്ച മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമിന്റെ സംസ്കാര ചടങ്ങുകളിലും കേരള നേതാക്കാൾ ഒന്നിച്ചായിരുന്നു പങ്കെടുത്തത്. ഇതും തമിഴകം ചർച്ച ചെയ്ത കാര്യമാണ്. ജയലളിതയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി തമിഴ്‌നാട്ടിലെ പത്രങ്ങളിൽ കേരള സർക്കാർ പരസ്യം നൽകിയതും പൊതു അവധി പ്രഖ്യാപിച്ചതും തമിഴ് ചാനലുകൾ ചർച്ച ചെയ്യുന്നുണ്ട്. തമിഴ്നാട് നൽകിയ അതേ പ്രാധാന്യത്തോടെയായിരുന്നു കേരള മാധ്യമങ്ങളും 'അമ്മ'യുടെ മരണവാർത്തകൾ നൽകിയതെന്നും തമിഴ് ജനത പറയുന്നു.