രാഹുല്‍ ഗാന്ധി എവിടെയെന്ന ചോദ്യത്തിനു മുന്നില്‍ നിന്ന് തലയില്‍ മുണ്ടിട്ട് രക്ഷപ്പെടണം: കെ‌എസ്‌യു

കൊച്ചി| vishnu| Last Modified ചൊവ്വ, 3 മാര്‍ച്ച് 2015 (18:28 IST)
കോണ്‍ഗ്രസ് ഉപാധ്യക്ഷനേയും കോണ്‍ഗ്രസ് നേതൃത്വത്തേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ കെ‌എസ്‌യുവിന്റെ പ്രമേയം. പാര്‍ട്ടിയെ മുന്‍നിരയില്‍ നിന്ന് നയിക്കേണ്ടയാള്‍ ഒളിവില്‍ പോയെന്നും രാഷ്ട്രീയ എതിരാളികള്‍ നേരെ നിന്നു കളിയാക്കുമ്പോള്‍ അവധിയെടുത്ത് പോയ യുവനേതാവിനെ എങ്ങനെ ന്യായീകരിക്കുമെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. കൊച്ചിയില്‍ സംഘടിപ്പിച്ച ജനജാഗ്രതാ സദസിലാണ് പാര്‍ട്ടി നേതൃത്വത്തിനും രാഹുല്‍ ഗാന്ധിക്കും രൂക്ഷ വിമര്‍ശനമുയര്‍ത്തുന്ന പ്രമേയം പാസാക്കിയത്.

എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥി ജനജാഗ്രതാ സദസില്‍ മഹാരാജാസ് കോളജ് യൂണിറ്റാണ് പ്രമേയം അവതരിപ്പിച്ചത്. ജില്ലാ നേതാക്കളും പ്രസംഗത്തില്‍ സമാനമായ വിമര്‍ശനം ഉയര്‍ത്തി. രാജ്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ബജറ്റ് സമ്മേളനം. ഈ സമയത്ത് ആരോടും പറയാതെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉപാധ്യക്ഷന്‍ ഒളിവില്‍ പോയത് അങ്ങേയറ്റം അപലപനീയമാണെന്നാണ് പ്രമേയം പറയുന്നത്.

നേതാവ് എവിടെയെന്ന രാഷ്ട്രീയ പ്രതിയോഗികളുടെ ചോദ്യത്തിനു മുന്നില്‍ തലയില്‍ മുണ്ടിട്ട് രക്ഷപ്പെടേണ്ട സ്ഥിതിയാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. നേതാവ് എവിടെ പോയെന്ന് കൃത്യമായി വിശദീകരിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിനുമായിട്ടില്ല. അപമാനകരമായ ഈ അവസ്ഥയില്‍ നിന്ന് യുവനിരയെ സംരക്ഷിക്കാന്‍ ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടാകണമെന്നും ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജനം വോട്ടു ചെയ്യുമെന്ന ധാരണ മാറണമെന്ന എകെ ആന്റണിയുടെ നിലപാടിനൊപ്പമാണ് യുവാക്കളെന്നും പ്രമേയം പറയുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :