Last Modified ശനി, 31 മെയ് 2014 (11:18 IST)
കടക്കെണിയില്‍ നിന്നും കരകയറാന്‍ വോള്‍വോ ബസുകളിറക്കിയ കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ തന്ത്രം പാളുന്നു. ബാംഗ്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളില്‍ മിക്കവയും കാലിയായി മടങ്ങുന്നതാണ് കോര്‍പ്പറഷന് തിരിച്ചടിയായത്. ലക്‌ഷ്യമിട്ടതിന്റെ പകുതി മാത്രമാണ് ആദ്യ പത്ത് ദിവസത്തെ കളക്‌ഷന്‍. അതേസമയം, സര്‍വീസ് അട്ടിമറിക്കാന്‍ ബാംഗ്ലൂരിലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഒത്തുകളിക്കുകയാണെന്ന് ആരോപണമുയര്‍ന്നു.
വേഗത കുറവും തകരാറും ഓണ്‍ലൈന്‍ സംവിധാനത്തില്‍ നിന്നും ആളുകളെ അകറ്റുന്നു.വേണ്ടത്ര പ്രചാരണമില്ലാത്തുമാണ് വോള്‍വോ സര്‍വീസിന് തിരിച്ചടിയാകുന്ന മറ്റൊരു ഘടകം. ബാംഗ്ലൂര്‍ മെജസ്റ്റിക് സ്റ്റാന്‍ഡിലെ കെഎസ്ആര്‍ ടിസി കൌണ്ടറിലെ ജീവനക്കാര്‍ ടിക്കറ്റുകള്‍ പൂഴ്ത്തുന്നതായും ആരോപണമുണ്ട്.
കൊച്ചിയില്‍നിന്നും രണ്ട് വോള്‍വോ സര്‍വീസാണ് കെഎസ്ആര്‍ടിസി തുടങ്ങിയത്. മുഴുവന്‍ യാത്രക്കാരുമായിട്ടാണ് ബസ് എറണാകുളം ഡിപ്പോയില്‍ നിന്ന് യാത്ര തുടങ്ങുന്നത്. പക്ഷേ മടക്കയാത്രയില്‍ 49 സീറ്റുള്ള ബസില്‍ കഷ്ടി ഇരുപത് പേരാണ് ശരാശരി. 1100 രൂപ സീറ്റൊന്നിന് കണക്കാക്കിയാല്‍ റിട്ടേണ്‍ അടക്കം ഒരു ലക്ഷത്തിലധികം കളക്‌ഷന്‍ വേണ്ടിടത്ത് പത്ത് ദിവസത്തെ ശരാശരി അറുപതിനായിരം രൂപ മാത്രം. സ്വകാര്യ ബസുകള്‍ 1500 മുതല്‍ 2000 വരെ ചാര്‍ജായി ഈടാക്കുന്നിടത്ത് 1100 രൂപമാത്രം ടിക്കറ്റ് ചാര്‍ജായി വാങ്ങിയിട്ടും ആളെ കിട്ടാത്തതിന്റെ മറിമായത്തിന് പിന്നില്‍ കോര്‍പ്പറേഷന്റെ പിടിപ്പ് കേടാണെന്നാണ് പരാതി. കേരളത്തിന് പുറത്ത് രണ്ട് റിസര്‍വേഷന്‍ കൌണ്ടറുകള്‍മാത്രമാണുള്ളത്.
സാമ്പത്തിക ലാഭം നോക്കി ഒരു ബസ് ഒരു ഡ്രൈവര്‍ സംവിധാനം നിലവില്‍ വന്നതോടെ രാത്രിയില്‍ പലയിടങ്ങളില്‍ വിശ്രമത്തിനായി ബസുകള്‍ നിറുത്തിയിടുന്നതും യാത്രക്കാരെ അകറ്റുന്നു. 12 മണിക്കൂറുകൊണ്ട് സര്‍വീസ് പൂര്‍ത്തിയാക്കേണ്ട ബസ് 15 മണിക്കൂര്‍ യാത്രക്കായി എടുക്കുന്നതും തിരിച്ചടിയായി.