ബസ് യാത്രക്ക് ചെലവേറും; ജൂണ്‍ മുതല്‍ മിനിമം ചാര്‍ജ് ഏഴ് രൂപ

തിരുവനന്തപുരം| Last Updated: ബുധന്‍, 7 മെയ് 2014 (14:15 IST)
സംസ്ഥാനത്ത് ബസ് യാത്രക്ക് ചെലവേറും. ബസ്ചാര്‍ജ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം ബുധനാഴ്ച അംഗീകാരം നല്‍കും. ജൂണ്‍ ഒന്നുമുതല്‍ പുതുക്കിയ നിരക്ക് നടപ്പാകും. ചാര്‍ജ് വര്‍ധനവിനായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ചില ഭേദഗതികളോടെ നടപ്പാക്കാനാണ് സാധ്യത. ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക് ഒരു രൂപയും ഫാസ്റ്റ് പാസഞ്ചറിന്റേത് രണ്ടു രൂപയും സൂപ്പര്‍ ഫാസ്റ്റിന്റേത് മൂന്നു രൂപയും വര്‍ധിപ്പിക്കാനാണ് ഏകദേശ ധാരണ. നിലവില്‍ ആറു രൂപയാണ് ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക്.

കിലോമീറ്റര്‍ നിരക്ക് ഓര്‍ഡിനറിക്ക് അഞ്ചു പൈസയും ഫാസ്റ്റിന് എട്ടു പൈസയും വര്‍ധിപ്പിക്കും. നിലവില്‍ ഇത് 58 പൈസയും 62 പൈസയുമാണ്. സൂപ്പര്‍ ഫാസ്റ്റിന്റെ നിരക്ക് 65 പൈസയില്‍ നിന്ന് 75 പൈസയായി ഉയര്‍ന്നേക്കും. സൂപ്പര്‍ എക്‌സ്പ്രസിന് കിലോമീറ്ററിന് 10 പൈസയുടെ വര്‍ധനയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

വിദ്യാര്‍ഥികളുടെ നിരക്കില്‍ വര്‍ധന വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ടെങ്കിലും പൊതുജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് മന്ത്രിസഭ അംഗീകരിക്കാന്‍ സാധ്യതയില്ല. നിരക്ക് വര്‍ധിപ്പിക്കണമെന്ന് കെഎസ്ആര്‍ടിസിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ കെഎസ്. ആര്‍ടിസിക്ക് പ്രതിദിനം ഒരു കോടിയുടെ അധിക വരുമാനം ലഭിക്കും. നിലവില്‍ 4.7 കോടിയാണ് പ്രതിദിന വരുമാനം.

നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചര്‍ച്ച നടത്തിയിരുന്നു. മിനിമം ചാര്‍ജ് 10 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും വ്യക്തമാക്കിയിരുന്നു. 2012 സപ്തംബറിലാണ് ഒടുവില്‍ നിരക്ക് വര്‍ധിപ്പിച്ചത്. അയല്‍‌സംസ്ഥാനമായ തമിഴ്നാട്ടില്‍ ഇപ്പോഴും മിനിമം ചാര്‍ജ് മൂന്ന് രൂപയാണ്. ഇതേസ്ഥാനത്താണ് സംസ്ഥാനത്ത് ഇരട്ടിയിലധികം ചാര്‍ജ് ഈടാക്കുന്നത്. ചാര്‍ജ് വര്‍ധന്‍ ഏറ്റവുമധികം ബാധിക്കുക ദീര്‍ഘദൂരം ബസില്‍ യാത്ര ചെയ്യുന്നവരെയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :