സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 12 ഏപ്രില്‍ 2023 (17:17 IST)
കെ.എസ്.ആ.ര്‍.ടി.സിയുടെ പുതിയ ഡയറക്ടര്‍മാര്‍ ബോര്‍ഡ് അംഗമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കണ്‍വേര്‍ജന്‍സ് എനര്‍ജി സര്‍വീസസ് ലിമിറ്റഡ് (CESL) മുന്‍ മാനേജിംഗ് ഡയറക്ടര്‍ മഹുവ ആചാര്യയെ ഗതാഗത മന്ത്രി ആന്റണി രാജു നാമനിര്‍ദേശം ചെയ്തു.
സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രഗല്‍ഭരായ പ്രൊഫഷണലുകളെ കെഎസ്ആര്‍ടിസിയില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമാണ് നിയമനം. നേരത്തെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റ അഡീഷനല്‍ ട്രാന്‍സ്‌പോര്‍ട് കമ്മീഷനര്‍ പ്രമോജ് ശങ്കറിനെയും ഡയറക്ടര്‍ ബോര്‍ഡിലേയ്ക്ക് നാമനിര്‍ദേശം ചെയ്തു.
നാഷനല്‍ ബസ് പ്രോഗ്രാമിന്റെ ഭാഗമായി തുടക്കത്തില്‍ 5450 ഇലക്ട്രിക് ബസുകളും, അതിനു ശേഷം കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് 2400-ാളം ബസുകളും ലീസിനെടുത്ത സിഇഎസ്എല്ലിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായിരുന്നു മഹുവ ആചാര്യ. ഇവര്‍ തയാറാക്കിയ ബൃഹത്തായ പദ്ധതിയിലൂടെ ഇ-ബസുകള്‍ 40 മുതല്‍ 60 ശതമാനം വരെ കുറഞ്ഞ വാടകയ്ക്കാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത്. 750 ഇലക്ട്രിക് ബസുകളാണ് കേരളം ആവശ്യപ്പെട്ടത്. ഇതില്‍ 450 എണ്ണത്തോളം താങ്ങാവുന്ന നിരക്കിന് ലഭ്യമായിട്ടുണ്ട്. മുന്‍പുള്ള ടെന്‍ഡറുകശേക്കാള്‍ വളരെ കുറഞ്ഞ നിരക്കാണിത്. (മുന്‍പ് 75 രൂപ നല്‍കേണ്ടിയിരുന്ന സ്ഥാനത്ത് 39.52 രൂപയാണ് പുതിയ നിരക്ക്). ധനവിനിയോഗം, പുതു സംരംഭങ്ങള്‍, ഇന്ത്യയിലെയും വിദേശത്തെയും ധനകാര്യ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയുള്ള മെഗ ടെന്‍ഡറിംഗ് തുടങ്ങിയ മേഖലകളില്‍ മഹുവയുടെ സേവനം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. അമേരിക്കയിലെ യേല്‍ സര്‍വകലാശാലയില്‍ നിന്ന് പരിസ്ഥിതി മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദധാരി ആണ്.
മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബി.ടെക്കും മദ്രാസ് ഐഐടിയില്‍ നിന്ന് എം.ടെക്കും നേടി 2009ല്‍ ഐ.ഒ.എഫ്.എസ് കരസ്ഥമാക്കിയ പ്രമോജ് ശങ്കര്‍ തിരുവനന്തപുരം വെമ്പായം സ്വദേശിയാണ്.