കൊച്ചി|
VISHNU.NL|
Last Modified വ്യാഴം, 7 ഓഗസ്റ്റ് 2014 (14:07 IST)
നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസിയെ കമ്പനിയാക്കികൂടെയെന്ന് ഹൈക്കൊടതിയുടെ ചോദ്യം. ഇത് രണ്ടാം തവണയാണ് കോടതി കെഎസ്ആര്‍ടിസി വിഷയത്തില്‍ ശക്തമായി പ്രതികരിക്കുന്നത്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സബ്‌സിഡി നല്‍കി കോര്‍പറേഷനെ എത്രകാലം മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാരിന് കഴിയും. അതിനാല്‍ സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനിയാക്കുന്നത് പരിഗണിക്കാമെന്നും ജസ്റ്റീസ് അബ്ദുള്‍ റഹീമിന്റെ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.
കെഎസ്ആര്‍ടിസി പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നുവെന്നാരേപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. കോര്‍പറേഷന്‍ അടച്ചു പൂട്ടിയാല്‍ പ്രശ്‌നങ്ങള്‍ തീരില്ലെന്നും അതിനാല്‍ പ്രവര്‍ത്തിപ്പിച്ച് ലാഭകരമാക്കുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി.
കോടതിയുടെ നിര്‍ദേശങ്ങള്‍ ഗൗരവത്തോടെ എടുക്കുമെന്നും സര്‍ക്കാരുമായി ആലോചിച്ച് നിലപാട് വ്യക്തമാക്കുമെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.
കെഎസ്ആര്‍ടിസിയെ അടച്ചുപൂട്ടണമെന്ന് കോടതി പരാമര്‍ശിച്ചു എന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ദൗര്‍ഭാഗ്യകരമാണെന്നും അഭിപ്രായപ്പെട്ടത് കോര്‍പറേഷന്‍ അടച്ചു പൂട്ടണമെന്നല്ലെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ കമ്പനിവത്കരണം എല്ലാറ്റിനും പരിഹാരമല്ലെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. ജീവനക്കാരുടെ താല്‍പര്യം കൂടി പരിഗണിച്ചേ തീരുമാനമെടുക്കൂ. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ട്രേഡ് യൂണിയനുമായി ചര്‍ച്ച നടന്നിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. കോടതിയില്‍ നിന്ന് വിധിയാണ് വരുന്നതെങ്കില്‍ അതു നടപ്പാക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.