സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 2 ഫെബ്രുവരി 2026 (09:22 IST)
കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന് മികച്ച നേട്ടം. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 23 കോടി രൂപയായിരുന്ന വാര്‍ഷിക വരുമാനം, 2024-25 കാലയളവില്‍ 43 കോടി രൂപയായി ഉയര്‍ന്നു. നൂതനവും വൈവിധ്യമാര്‍ന്നതുമായ വിനോദസഞ്ചാര പദ്ധതികള്‍ ആവിഷ്‌കരിച്ചു വിജയകരമായി നടപ്പിലാക്കിയാണ് ഈ നേട്ടം കെഎസ്ആര്‍ടിസി കൈവരിച്ചത്. തിരുവനന്തപുരം നഗരക്കാഴ്ചകള്‍ എന്ന പേരിലുള്ള ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ്, മൂന്നാറിലെ 'റോയല്‍ വ്യൂ' ഗ്ലാസ് ടോപ്പ് ഡബിള്‍ ഡെക്കര്‍, കൊച്ചി ഡബിള്‍ ഡെക്കര്‍ സിറ്റി ടൂര്‍, വിദ്യാര്‍ത്ഥികള്‍ക്കായി വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കിയ ട്രാവല്‍ ടു ടെക്‌നോളജി പാക്കേജുകള്‍, തീര്‍ത്ഥാടന ടൂറിസം പാക്കേജുകള്‍, അന്തര്‍സംസ്ഥാന ടൂറിസം പാക്കേജുകള്‍ തുടങ്ങിയവയാണ് ഇതില്‍ പ്രധാനപ്പെട്ടത്.
2024 മാര്‍ച്ചില്‍ ആരംഭിച്ച തിരുവനന്തപുരം നഗരക്കാഴ്ചകള്‍ പാക്കേജിന്റെ ഭാഗമായി 1,191 സര്‍വീസുകള്‍ നടത്തി 2.77 കോടി രൂപ വരുമാനം നേടി. 2.08 കോടി രൂപയാണ് ഈ പദ്ധതിയുടെ പ്രവര്‍ത്തന ലാഭം. 2025 ഫെബ്രുവരിയില്‍ ആരംഭിച്ച മൂന്നാര്‍ 'റോയല്‍ വ്യൂ' ഗ്ലാസ് ടോപ്പ് ഡബിള്‍ ഡെക്കര്‍ സര്‍വീസ് 1.18 കോടി രൂപയുടെ കളക്ഷന്‍ നേടി. സംസ്ഥാനത്തിന് അകത്തും പുറത്തും പ്രശസ്തമായ ഇതിന്റെ വിജയത്തെത്തുടര്‍ന്ന് 2026 ജനുവരി 2 മുതല്‍ രണ്ടാമതൊരു ബസ് കൂടി റോയല്‍ വ്യൂ.2 എന്ന പേരില്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. 2025 ജൂലൈയില്‍ ആരംഭിച്ച കൊച്ചി ഡബിള്‍ ഡെക്കര്‍ സിറ്റി ടൂര്‍ പദ്ധതിയിലൂടെ 3,712 യാത്രക്കാര്‍ കൊച്ചി നഗരക്കാഴ്ചകള്‍ ആസ്വദിച്ചു. സ്‌കൂളുകളെയും കോളേജുകളെയും കേന്ദ്രീകരിച്ച് നടത്തിയ വിദ്യാര്‍ത്ഥി ടൂറിസത്തിന് 310 ട്രിപ്പുകളിലൂടെ ലഭിച്ച വരുമാനം 27 ലക്ഷം രൂപയാണ്.
പുതിയ മാറ്റങ്ങളും വിപുലീകരണവും ലക്ഷ്യമിട്ട് ബഡ്ജറ്റ് ടൂറിസത്തിനായി പ്രത്യേക തീമില്‍ ബ്രാന്‍ഡഡ് ബസുകള്‍ അവതരിപ്പിച്ചത് യാത്രക്കാരെ കൂടുതലായി ആകര്‍ഷിക്കാന്‍ സഹായകമായി. കൂടാതെ ദശാവതാര ക്ഷേത്രദര്‍ശനം, നാലമ്പല ദര്‍ശനം, പഞ്ചപാണ്ഡവ ക്ഷേത്രദര്‍ശനം, കൃപാസനം പാക്കേജ് തുടങ്ങിയ ക്ഷേത്ര ടൂറിസം പാക്കേജുകളും രാമേശ്വരം, മധുര തുടങ്ങിയ അന്തര്‍സംസ്ഥാന തീര്‍ത്ഥാടന ടൂറിസം പാക്കേജുകളും കെഎസ്ആര്‍ടിസിക്ക് അധിക വരുമാനം ഉറപ്പാക്കുന്നു. തീര്‍ത്ഥാടന ടൂറിസം പാക്കേജുകളില്‍ പുതിയതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായും കെഎസ്ആര്‍ടിസി കൈകോര്‍ക്കാനൊരുങ്ങുകയാണ്. ഈ പാക്കേജില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകുന്നവര്‍ക്ക് ഡോര്‍മെട്രി സൗകര്യവും പ്രത്യേക ക്യൂവിലൂടെ ദര്‍ശന സൗകര്യവും ഒരുക്കും. ഇത്തരത്തില്‍ വൈവിധ്യപൂര്‍ണ്ണമായ കൂടുതല്‍ പാക്കേജുകളിലൂടെ കെഎസ്ആര്‍ടിസി മികച്ച സേവനം ജനങ്ങള്‍ക്ക് ഉറപ്പാക്കുകയാണ്.