ലോക്ക് ഡൗണ്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ 'ബസ് ഓണ്‍ ഡിമാന്റ്' പദ്ധതിയുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: വ്യാഴം, 25 ജൂണ്‍ 2020 (11:27 IST)
യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി സുരക്ഷിതമായി ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തിക്കാന്‍ കെഎസ്ആര്‍ടിസി ആവിഷ്‌കരിച്ച 'ബസ് ഓണ്‍ ഡിമാന്റ്' പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തിലുള്ള സെക്രട്ടേറിയറ്റ്, പബ്ളിക് ഓഫീസ്, ജലഭവന്‍, പിഎസ്‌സി ഓഫീസ്, എസ്എടി, ആര്‍സിസി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ജീവനക്കാരേയും ഉദ്യോഗസ്ഥരെയും ഉദ്ദേശിച്ചാണ് ഇത്തരം സര്‍വീസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്നത്. നെയ്യാറ്റിന്‍കര, നെടുമങ്ങാട് ഡിപ്പോകളില്‍ നിന്ന് രണ്ടുവീതം സര്‍വീസുകളാകും ബുധനാഴ്ച മുതല്‍ ആരംഭിക്കുക.

ഇത്തരം സര്‍വീസുകളില്‍ യാത്രക്കാര്‍ക്ക് സീറ്റുകള്‍ ഉറപ്പാക്കും. ഇത്തരത്തില്‍ യാത്രചെയ്യുന്നവരുടെ ഓഫീസിനു മുന്നില്‍ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യും.
രാവിലേയും വൈകുന്നേരവുമായി വരുന്ന യാത്രയ്ക്ക് പ്രതിദിനം 100 രൂപ നിരക്കിലുള്ള തുക ഈടാക്കും. തുടര്‍ച്ചയായ 10 ദിവസത്തേക്കുള്ള ടിക്കറ്റ് മുന്‍കൂട്ടി എടുക്കാന്‍ 950 രൂപ നല്‍കിയാല്‍ മതി. 15 ദിവസത്തേക്കുള്ള ടിക്കറ്റിന് 1400 രൂപയും, 20 ദിവസത്തേക്കുള്ള ടിക്കറ്റിന് 1800 രൂപയും, 25 ദിവസത്തേക്കുള്ള ടിക്കറ്റിന് 2200 രൂപയും നല്‍കിയാല്‍ മതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :