മീറ്റര്‍ വാടകയും കെ‌എസ്‌ഇബി വര്‍ദ്ധിപ്പിക്കും

മീറ്റര്‍ വാടക,കെ‌എസ്‌ഇബി,റെഗുലേറ്ററി കമ്മീഷന്‍
തിരുവനന്തപുരം| VISHNU.N.L| Last Modified ശനി, 5 ജൂലൈ 2014 (14:22 IST)
അടിക്കടിയുള്ള വൈദ്യുതി നിരക്ക് വര്‍ദ്ധന നടപ്പാക്കുന്നതിനിടെ ഉപയോക്താക്കള്‍ക്ക് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കികൊണ്ട് ഗാര്‍ഹിക ഉപഭോക്താക്കള്‍ പുതുതായി സ്ഥാപിക്കുന്ന മീറ്ററിന് വാടക ഇരട്ടിയാക്കണമെന്ന് കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടു.

മീറ്ററുകള്‍ക്കുണ്ടായ വിലവര്‍ദ്ധനവാണ് ബോര്‍ഡ് കാരണമായി പറയുന്നത്. സിംഗിള്‍ ഫേസ് മീറ്ററിന് മുന്‍പ് ഇരുന്നൂറ് രൂപയായിരുന്നത് ഇപ്പോള്‍ 900 രൂപയായി ഉയര്‍ന്നതായി വൈദ്യുതി ബോര്‍ഡ് പ്രതിനിധി കമ്മീഷനെ അറിയിച്ചു. ത്രീഫേസ് മീറ്ററിന്റെ വില2500 രൂപയായി ഉയര്‍ന്നു.

എന്നാല്‍ കെ‌എസ്‌എബി നിശ്ചയിക്കുന്ന നിലവാരത്തിലുള്ള മീറ്ററുകള്‍ വാങ്ങുന്നവര്‍ വാടക നല്‍കേണ്ടിവരില്ല. ഇപ്പോള്‍ തന്നെ മീറ്ററിന് ബോര്‍ഡ് വാടക ഈടാക്കുന്നുണ്ട്. ഇതിന് കമ്മീഷന്റെ അംഗീകാരം വാങ്ങാനാണ് ബോര്‍ഡിന്റെ ശ്രമം.

എന്നാല്‍ 120 യൂണിറ്റില്‍ താഴെ ഉപയോഗമുള്ളവര്‍ക്ക് നിരക്ക് വര്‍ധന ഒഴിവാക്കാന്‍ സര്‍ക്കാര്‍ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. 680 കോടിയാണ് വൈദ്യുതി ബോര്‍ഡിന് സബ്‌സിഡി ഇനത്തില്‍ കിട്ടാനുള്ളത്. ഇത് നേടിയെടുക്കുന്നതില്‍ പരിശ്രമിക്കാതെ നിരക്കു വര്‍ദ്ധനവെന്ന ആവശ്യവുമായി എത്തിയ ബോര്‍ഡിനെ കമ്മിഷന്‍ വിമര്‍ശിച്ചു.

വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്നതിനെതിരെ വൈദ്യുതി റഗുലേറ്ററി കമ്മിഷന് മുന്നില്‍ നിരവധി പരാതികളെത്തി. വിദഗ്ധസമിതിയെക്കൊണ്ട് കെഎസ്ഇബിയുടെ ധനസ്ഥിതി പരിശോധിപ്പിച്ചിട്ടേ വൈദ്യുതി നിരക്കില്‍ മാറ്റം അനുവദിക്കാവൂവെന്ന് വിവിധ സംഘടനകള്‍ തെളിവെടുപ്പില്‍ ആവശ്യപ്പെട്ടു.
കമ്മീഷന്റെ ഉത്തരവ് ആഗസ്റ്റ് ആദ്യവാരം പുറത്തിറങ്ങും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :