സംസ്ഥാനത്ത് വൈദ്യുതാഘാതമേറ്റ് മരിച്ചത് 571 പേര്‍

കാസര്‍കോട്| Last Modified ചൊവ്വ, 13 മെയ് 2014 (09:18 IST)
വൈദ്യുതി അപകടങ്ങളില്‍ മൂന്നുവര്‍ഷത്തിനിടെ സംസ്ഥാനത്ത് മരിച്ചത് 571 പേര്‍. 648 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ 486 പേരും പൊതുജനങ്ങളാണ്. 36 കരാര്‍ തൊഴിലാളികളും 49 വൈദ്യുതി ബോര്‍ഡ് ജീവനക്കാരും മരിച്ചു. വൈദ്യുതി ബോര്‍ഡിന്റെ ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റിന്റെ കണക്കാണിത്. ഇതുപ്രകാരം ഇതില്‍ ഭൂരിഭാഗവും വൈദ്യുതിത്തൊഴിലാളികളാണ്. 2011-ല്‍ 211 പേരാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. 2012ല്‍ 182 പേരുടെയും 2013ല്‍ 178 പേരുടെയും ജീവന്‍ വൈദ്യുതിയില്‍ പൊലിഞ്ഞു. 2011ല്‍ 223 പേര്‍ക്കും 2012ല്‍ 237 പേര്‍ക്കും 2013ല്‍ 188 പേര്‍ക്കും പരുക്കുമേറ്റു.

മഴക്കാലത്താണ് അപകടങ്ങളും മരണങ്ങളും കൂടുതലുണ്ടാകുന്നത് എന്നതിനാല്‍ ഇടവപ്പാതിക്കുമുമ്പുതന്നെ നാടൊട്ടുക്കും ജനങ്ങളില്‍ ബോധവത്കരണം നടത്തണമെന്ന് കെഎസ്ഇബിയിലെ ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നു. പൊതുജനങ്ങള്‍ക്കിടയിലെ മരണം കൂടുതലുമുണ്ടായത് വീടിനകത്തെ ഇലക്ട്രിക്കല്‍ സാമഗ്രികളില്‍നിന്നുള്ള ഷോക്ക് മൂലമാണ്. 279 പേരാണ് മൂന്നുവര്‍ഷത്തിനുള്ളില്‍ മരിച്ചത്.

ജീവനക്കാരും തൊഴിലാളികളും സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചില്ലെങ്കില്‍ അതിനുത്തരവാദികള്‍ മേലുദ്യോഗസ്ഥരാണെന്ന് മുന്നറിയിപ്പും ബോര്‍ഡ് നല്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മരണത്തിന് ജനങ്ങളും കാരണക്കാരാകുന്നുണ്ടെന്ന് ഇലക്ട്രിക്കല്‍ ഇന്‍െസ്പക്ടേഴ്‌സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :