'കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍.ഗൗരി ഭരിച്ചീടും'; തൊട്ടടുത്തെത്തിയ മുഖ്യമന്ത്രിപദം, ഒടുവില്‍ തീരാനഷ്ടം

നെല്‍വിന്‍ വില്‍സണ്‍| Last Updated: ചൊവ്വ, 11 മെയ് 2021 (09:27 IST)

കേരളത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയാകും കെ.ആര്‍.ഗൗരിയെന്ന് മലയാളികള്‍ ഒന്നടങ്കം ആഗ്രഹിച്ചിരുന്ന ഒരു സമയമുണ്ടായിരുന്നു. 1987 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു ഔദ്യോഗിക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ അവതരിപ്പിക്കാതെയാണ് സിപിഎം പോരാട്ടത്തിനിറങ്ങിയത്. പാര്‍ട്ടിക്കുള്ളില്‍ ശക്തമായ സാന്നിധ്യമായിരുന്നു അക്കാലത്ത് കെ.ആര്‍.ഗൗരി.

പാര്‍ട്ടിക്കുള്ളിലും പുറത്തും ഗൗരിയമ്മയ്ക്കുണ്ടായിരുന്ന സ്വാധീനം വളരെ വലുതായിരുന്നു. 1987 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ ഗൗരിയമ്മ മുഖ്യമന്ത്രിയാകുമെന്ന് അനൗദ്യോഗിക പ്രചാരണം നടന്നു. ഗൗരിയമ്മയിലൂടെ ചരിത്രം പിറക്കുമെന്ന് മലയാളികള്‍ വിശ്വസിച്ചു. കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍.ഗൗരി ഭരിച്ചീടും എന്ന് മലയാളക്കരയുടെ മുക്കിലും മൂലയിലും മുദ്രാവാക്യം ഉയര്‍ന്നു. തിരഞ്ഞെടുപ്പില്‍ സിപിഎമ്മും ഇടതുമുന്നണിയും വന്‍ വിജയം സ്വന്തമാക്കി. എന്നാല്‍, കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇ.കെ.നായനാര്‍ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ മുഖ്യമന്ത്രിപദത്തിലെത്തി.

Read Here:
'ലാത്തിക്ക് ബീജമുണ്ടായിരുന്നെങ്കില്‍, ഒരായിരം ലാത്തി കുഞ്ഞുങ്ങളെ ഞാന്‍ പ്രസവിക്കുമായിരുന്നു'; ഗൗരി പറഞ്ഞത്


ഇഎംഎസ് നമ്പൂതിരിപ്പാട് ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ നായനാരെ ഉപയോഗിച്ച് രാഷ്ട്രീയം കളിച്ചെന്ന് ആരോപണങ്ങളുണ്ട്. തൊട്ടടുത്തെത്തിയ മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതില്‍ ഗൗരിയമ്മക്ക് വലിയ ദേഷ്യവും വിഷമവും ഉണ്ടായിരുന്നു. ഗൗരിയമ്മയോട് പാര്‍ട്ടി കാണിച്ചത് ചതിയാണെന്ന് വലിയ വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രിസ്ഥാനം കിട്ടാത്തതില്‍ ക്ഷുഭിതയായി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഗൗരിയമ്മ ഇറങ്ങിപ്പോയി. പിന്നീട് പാര്‍ട്ടി അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ നായനാര്‍ മന്ത്രിസഭയില്‍ വ്യവസായം, എക്‌സൈസ് വകുപ്പുകള്‍ നല്‍കി അംഗമാക്കി. എന്നാല്‍, ദൂരപരിധി കണക്കാക്കി കള്ളുഷാപ്പുകള്‍ നിലനിര്‍ത്തിയതിന്റെ പേരില്‍ സിഐടിയു പിണങ്ങിയതോടെ എക്സൈസ് വകുപ്പ് ഗൗരിയമ്മയില്‍നിന്ന് എടുത്ത് ടി.കെ.രാമകൃഷ്ണനു നല്‍കി. ഇതോടെ ഗൗരിയമ്മയും പാര്‍ട്ടിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി.


കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പ് 1964 ലാണ് നടക്കുന്നത്. ഭര്‍ത്താവ് ടി.വി.തോമസ് സിപിഐയിലേക്ക് പോയി. എന്നാല്‍, ഗൗരി കുലുങ്ങിയില്ല. താന്‍ സിപിഎമ്മിനൊപ്പം നില്‍ക്കുകയാണെന്ന് ശക്തമായ നിലപാടെടുത്തു. എന്നാല്‍, പിന്നീട് ഈ ഗൗരിയമ്മയെയാണ് സിപിഐഎം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടുണ്ടായ പിണക്കങ്ങളും ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കാരണമായി.

ഗൗരിയമ്മക്ക് സംഘടനാപരമായ അച്ചടക്കമില്ലെന്ന് ഇഎംഎസ് പറഞ്ഞതോടെയാണ് പുറത്താക്കല്‍ നടപടികള്‍ വേഗത്തിലാവുന്നത്. നാല് ദിവസം നടന്ന സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കുകയായിരുന്നു.


Read Here:
അച്ചടക്കമില്ല, ശത്രുക്കളുമായി കൂട്ടുകൂടുന്നു; ഗൗരിയമ്മയെ പുറത്താക്കി സിപിഎം

1994 ജനുവരി ഒന്നിനാണ് ഗൗരിയമ്മയെ സിപിഎം പുറത്താക്കുന്നത്. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതിനു പിന്നാലെ അതേ വര്‍ഷം മാര്‍ച്ച് 14 ന് ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. യുഡിഎഫിന്റെ ഭാഗമായി. പിന്നീട് 2015 ല്‍ നടന്ന കൃഷ്ണപിള്ള ദിനത്തില്‍ ഗൗരിയമ്മ ഇടതുപക്ഷത്തേയ്ക്ക് തിരിച്ചെത്തി.


1987 ല്‍ കേരളക്കരയില്‍ അലയടിച്ച മുദ്രാവാക്യം ഗൗരിയമ്മ സിപിഎമ്മില്‍ നിന്ന് പുറത്തായ കാലത്തും ചെറിയ മാറ്റങ്ങളോടെ ആവര്‍ത്തിച്ചു. അത് ഇങ്ങനെയായിരുന്നു; 'കേരളം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍.ഗൗരി ഒറ്റയ്ക്കല്ല,'

അച്ചടക്ക ലംഘനം, പാര്‍ട്ടിയെ വെല്ലുവിളിക്കല്‍, എതിരാളികളുമായി കൂട്ടുചേരല്‍ തുടങ്ങിയ ആരോപണങ്ങളായിരുന്നു ഗൗരിയമ്മക്ക് മേല്‍ സിപിഎം ചുമത്തിയത്. ഇഎംഎസ് ഗൗരിയമ്മക്കെതിരെ നിലപാടെടുത്തു. ഇതേ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. തെറ്റുകള്‍ തിരുത്താന്‍ തയ്യാറായില്ലെന്ന ഗുരുതരമായ ആരോപണം നിരത്തിയാണ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന കമ്മിറ്റി ശരിവച്ചതെന്നും ഇതേ തുടര്‍ന്നാണ് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നും ഗൗരിയമ്മ പറഞ്ഞിരുന്നു. എന്തിനുവേണ്ടിയാണ് തന്നെ പുറത്താക്കിയതെന്ന് ഇപ്പോഴും അറിയില്ലെന്നാണ് അവസാന നിമിഷം വരെ ഗൗരിയമ്മ പറഞ്ഞിരുന്നത്.

കേരള രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തയായ വനിത കെ.ആര്‍.ഗൗരിയമ്മ
(102) ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആദ്യ കേരള മന്ത്രിസഭയില്‍ അംഗമായിരുന്നു.

1952-53, 1954-56 വര്‍ഷങ്ങളില്‍ തിരുവിതാംകൂര്‍-കൊച്ചി നിയമസഭകളില്‍ അംഗമായിരുന്നു. 1957 ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായി. ഇഎംഎസ് മന്ത്രിസഭയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വിപ്ലവകരമായ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്നു. ഭൂപരിഷ്‌കരണ നിയമത്തിന്റെ പിന്നില്‍ ഗൗരിയമ്മയുടെ സ്വാധീനമുണ്ടായിരുന്നു. അഞ്ചാം നിയമസഭ ഒഴികെ ഒന്നു മുതല്‍ പതിനൊന്ന് വരെ എല്ലാ കേരള നിയമസഭകളിലും അംഗമായി. അഞ്ച് തവണ മന്ത്രിയായി. 1957, 1967, 1980, 1987 വര്‍ഷങ്ങളിലെ കമ്യൂണിസ്റ്റ് മന്ത്രിസഭകളിലും 2001 ലെ എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളിലും ഗൗരിയമ്മ അംഗമായി.


1957, 1960 കേരള നിയമസഭകളില്‍ ചേര്‍ത്തലയില്‍ നിന്നും 1965 മുതല്‍ 1977 വരെയും 1980 മുതല്‍ 2006 വരെയും അരൂരില്‍ നിന്നും നിയമസഭാംഗമായി. 2011 ല്‍ അരൂരില്‍ നിന്നു മത്സരിച്ചു തോറ്റു.


കളത്തിപ്പറമ്പില്‍ കെ.എ.രാമന്റെയും പാര്‍വ്വതിയമ്മയുടെയും മകളായി 1919 ജൂലൈ 14 ന് കെ.ആര്‍.ഗൗരി ജനിച്ചു. ചേര്‍ത്തലയ്ക്ക് അടുത്തുള്ള അന്ധകാരനാഴി എന്ന ഗ്രാമത്തിലാണ് ഗൗരിയമ്മയുടെ ജനനം. എറണാകുളം മഹാരാജാസില്‍ നിന്നും ബിരുദവും തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ ഗൗരിയമ്മ മൂത്ത സഹോദരന്റെ സ്വാധീനത്തിലാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ഗൗരിയമ്മ 1954ല്‍ നടന്ന തിരുകൊച്ചി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു.

ഇ.എം.എസ് മന്ത്രിസഭയില്‍ റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യസുരക്ഷ, നിയമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. ഇ.കെ.നായനാരുടെ നേൃത്വത്തില്‍ ആദ്യ മന്ത്രിസഭയിലും അംഗമായി. പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവ് കൂടിയായിരുന്നു ഗൗരിയമ്മ.


1957ല്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന ടി.വി.തോമസും ഗൗരിയമ്മയും വിവാഹിതരായി. 1964 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ തോമസ് സിപിഐയിലും ഗൗരിയമ്മ സിപിഎമ്മിലും ചേര്‍ന്നു. പാര്‍ട്ടിയുടെ പിളര്‍പ്പും അഭിപ്രായ വ്യത്യാസങ്ങളും പിന്നീട് ഇരുവരുടെയും വിവാഹമോചനത്തിനും കാരണമായി.


സിപിഎമ്മുമായി അഭിപ്രായ വ്യത്യാസമുണ്ടാകുകയും 1994 ല്‍ ഗൗരിയമ്മ പാര്‍ട്ടിയില്‍ നിന്നു പുറത്താകുകയും ചെയ്തു. പിന്നീട് ഗൗരിയമ്മയുടെ നേതൃത്വത്തില്‍ ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) എന്ന പാര്‍ട്ടിക്ക് രൂപം നല്‍കി. പിന്നീട് യുഡിഎഫിനൊപ്പം ചേര്‍ന്ന് സിപിഎമ്മിനെതിരെ രാഷ്ട്രീയം പറഞ്ഞു. 2001 ലെ യുഡിഎഫ് മന്ത്രിസഭയില്‍ അംഗമായി. പിന്നീട് ജെഎസ്എസിനുണ്ടായ തുടര്‍ച്ചയായ തോല്‍വികള്‍ തിരിച്ചടിയായി. വീണ്ടും ഇടതുപക്ഷത്തേയ്ക്ക് തിരിച്ചെത്തി.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :