Last Modified ശനി, 29 ജൂണ്‍ 2019 (09:26 IST)
കെഎസ്ആര്‍ടിസി ബസിനുള്ളില്‍ സദാചാരം പഠിപ്പിക്കാനെത്തിയ മധ്യവയസ്കനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആണും പെണ്ണും കെഎസ്ആര്‍ടിസി ബസ്സനുള്ളില്‍ ഒരുമിച്ചിരുന്ന് യാത്ര ചെയ്തത് കണ്ട് മദ്യലഹരിയില്‍ സദാചാര ഗുണ്ടായിസം കാട്ടിയതിനാണ് മധ്യവയ്‌സകനെ പോലീസ് പിടിച്ചത്.
മുണ്ടക്കയം സ്വദേശി പുത്തന്‍പുരയ്ക്കല്‍ മുരുകനെതിരെയാണ് പോലീസ് കേസെടുത്തത്. ചങ്ങനാശ്ശേരിയില്‍ നിന്നും കുമളിയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ വ്യാഴാഴ്ച വൈകിട്ട് 5. 30നാണ് സംഭവം. ചങ്ങനാശ്ശേരിയില്‍ നിന്നും കേറിയ വിദ്യാര്‍ത്ഥിനിയും യുവാവും ബസിന്റെ പിന്‍സീറ്റില്‍ ഒന്നിച്ചിരുന്നതാണ് മുരുകന് സദാചാരം പഠിപ്പിക്കാന്‍ പ്രേരണയായത്.
ഇവര്‍ പിന്‍സീറ്റിലിരുന്ന് അനാശാസ്യം നടത്തുകയാണെന്ന് ആരോപിച്ച് ഇയാള്‍ ബഹളം വെയ്ക്കുകയായിരുന്നു. പോലീസില്‍ അറിയിച്ച് കേസെടുക്കണമെന്നായി ആവശ്യം. ബസ് കറുകച്ചാല്‍ പോലീസ് സ്‌റ്റേഷന് മുമ്പില്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്തിച്ചു. പോലീസ് ഇരുവരേയും പരാതിക്കാരനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ബന്ധുവാണെന്ന് അറിഞ്ഞതോടെ ഇവരെ വിട്ടയച്ചു. തുടര്‍ന്ന് പൊലീസ് സ്‌റ്റേഷനില്‍ ബഹളം വച്ച പരാതിക്കാരന്‍ മദ്യ ലഹരിയിലാണെന്നു കണ്ടതോടെ പോലീസ് കേസെടുത്തു.