വെബ്‌ദുനിയ ലേഖകൻ|
Last Updated:
വെള്ളി, 4 ഒക്‌ടോബര്‍ 2019 (16:54 IST)
കോഴിക്കോട്: കൂടത്തായിയിലെ ആറു മരണങ്ങൾ കൊലപാതകമാകാം എന്ന സൂചന നൽകി പൊലീസ്. ഇന്ന് കല്ലറകൾ തുറന്ന് നടത്തിയ പരിശോധനക്ക് ശേഷമാണ് മരണങ്ങൾ കൊലപാതകമാകാം എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേർന്നത്. മരിച്ച റോയിയുടെ ശരീരത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തിയതോടെയാണ് വലിയ വഴിത്തിരിവായത്. ഇതോടെ സമാനമായി മരിച്ച മറ്റു ആറുപേരിലേക്കും അന്വേഷം വ്യാപിക്കുകയായിരുന്നു.
ആറുപേരും മരിക്കുന്നതിന് തൊട്ടു മുൻപായി ആഹാരം കഴിച്ചിരുന്നു എന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇതിന് ശേഷമാണ് കുഴഞ്ഞുവീഴുന്നത്. വിഷം ഉള്ളിൽ ചെന്നാണോ മരണം എന്ന് കണ്ടെത്തുന്നതിനാണ് കല്ലകൾ തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ ഫൊറൻസിക് വിദഗ്ധർ ശേഖരിച്ചത്. മരണം നടന്ന ആറിടത്തും ഒരേ വ്യക്തിയുടെ സാനിധ്യം ഉണ്ടായിരുന്നു എന്നതാണ് കൊലപാതകമെന്ന സംശയത്തിന് പിന്നിൽ.
കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളിയിലെയും കൂടത്തായി ലൂര്‍ദ് മാതാ പള്ളിയിലെയും കല്ലറകൾ ഇന്ന് തുറന്ന് പരിശോധിച്ചു. അവസാനം മരിച്ച സിലിയുടെയും രണ്ടുവയസ് പ്രായമുള്ള കുഞ്ഞിന്റെയും കല്ലറകളാണ് ആദ്യം പരിശോധിച്ചത്. വർഷങ്ങളുടെ ഇടവേളയിൽ സമാനമായി നടന്ന മരണങ്ങളിൽ സംശയം ആരോപിച്ച് പരാതി ലഭിച്ചതോടെയാണ്. അറുപേരുടെയും മരണത്തിൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് തീരുമനിച്ചത്
ടോം തോമസ് (66), ഭാര്യ അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ (2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് സമാനമായ രീതിയിൽ മരിച്ചത്. ടോം തോമസിന്റെ സ്വത്തുക്കൾ വ്യാജ ഒസ്യത്ത് വഴി കുടുംബത്തിന് നഷ്ടമായിരുന്നു. ഇതാണ് സംശയത്തിന് കാരണമായത്. ടോം തോമസിന്റെ മകൻ റോജോ പരാതി നകിയതോടെ മരിച്ച റോയിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് ശരീരത്തി സയനൈഡിന്റെ അംശം കണ്ടെത്തിയത്.