പരവൂർ ദുരന്തം: വെടിക്കെട്ട് നിർത്തിവയ്ക്കുന്നതിനായി ഏഴു തവണ പൊലീസ് ആവശ്യപ്പെട്ടിരുന്നുയെന്ന് ക്രൈംബ്രാഞ്ച്

രവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ നടന്ന വെടിക്കെട്ടു നിർത്തിവക്കുന്നതിനായി ഏഴു തവണ പൊലീസ് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നുയെന്ന് ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു

കൊല്ലം, പരവൂർ, വെടിക്കെട്ട് kollam, paravur, fireworks
കൊല്ലം| സജിത്ത്| Last Modified തിങ്കള്‍, 18 ഏപ്രില്‍ 2016 (08:07 IST)
പുറ്റിങ്ങൽ ക്ഷേത്രത്തിൽ നടന്ന വെടിക്കെട്ടു നിർത്തിവക്കുന്നതിനായി ഏഴു തവണ പൊലീസ് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നുയെന്ന് ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു. ദുരന്തം സംഭവിക്കുന്നതിനു അരമണിക്കൂർ മുൻപു വെടിക്കെട്ടിന്റെ തീ വീണു രണ്ടു പേർക്കു പരുക്കേറ്റിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇടപെട്ടത്.

വെടിക്കെട്ടിന്റെ സംഘാടകനും അനൗൺസറുമായ ടി എസ് ലൗലിയെ പരവൂർ എസ് ഐ ജസ്റ്റിൻ ജോൺ രണ്ടു തവണ വിളിച്ചു വെടിക്കെട്ടു നിർത്തണമെന്നു ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഈ ആവശ്യം ഉന്നയിച്ചു സ്പെഷൽ ബ്രാഞ്ചി‍ൽ നിന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവരും നാലു പ്രാവശ്യം ലൗലിയെ വിളിച്ചു. ദുരന്തം നടക്കുന്നതിന് അഞ്ച് മിനിറ്റ് മുൻപ് സി ഐ എസ് ചന്ദ്രകുമാറും ലൗലിയെ വിളിച്ചു വെടിക്കെട്ടു നിർത്തണമെന്നു കർശന നിർദേശം നൽകി. ജസ്റ്റിൻ ജോണിന്റെ ഫോണിലായിരുന്നു സി ഐ സംസാരിച്ചത്. ഫോൺ വിളിയുടെ വിവരങ്ങൾ പരിശോധിച്ചശേഷം ക്രൈം ബ്രാഞ്ച് ലൗലിയെ ചോദ്യം ചെയ്യും.

വർക്കല കൃഷ്ണൻകുട്ടിക്കും കഴക്കൂട്ടം സുരേന്ദ്രനും 4.10 ലക്ഷം രൂപ വീതം നല്‍കിയയിരുന്നു വെടിക്കെട്ട് കരാർ ഉണ്ടാക്കിയത്. പരമ്പരാഗത രീതിയിലുള്ള വെടിക്കെട്ട് എന്ന രീതിയിലായിരുന്നു ആദ്യ കരാർ ഒപ്പിട്ടത്. മൽസര വെടിക്കെട്ടിനായി രഹസ്യ കരാറിലും ഒപ്പുവച്ചു. വെടിക്കെട്ടിന് അനുമതി തേടി ക്ഷേത്രം ഭാരവാഹികൾ ജില്ലാ കലക്ടർ എ ഷൈനാമോളെ സമീപിച്ചപ്പോൾ വിശദമായ റിപ്പോർട്ട് തേടി സിറ്റി പൊലീസ് കമ്മിഷണർ പി പ്രകാശിന് അയച്ചിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം പരവൂർ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണു കരാറുകളുടെ പകർപ്പുകൾ ലഭിച്ചത്. മൽസരവെടിക്കെട്ടാണു നടക്കുന്നതെന്നും അനുമതി നൽകരുതെന്നും പരവൂർ പൊലീസ് കമ്മിഷണർക്കു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഈ കരാറുകളുടെ കാര്യവും പറഞ്ഞിരുന്നു. കമ്മിഷണർ ഇതു കലക്ടർക്കു കൈമാറി. ഇതുകൂടി പരിഗണിച്ചാണു വെടിക്കെട്ട് നിരോധിച്ചു കലക്ടർ ഉത്തരവു പുറപ്പെടുവിച്ചത്. എന്നാൽ ഫയർഫോഴ്സ്, മലിനീകരണ നിയന്ത്രണ ബോർഡ്, തഹസിൽദാർ എന്നിവർ വെടിക്കെട്ടിന് അനുകൂലമായ റിപ്പോർട്ട് നൽകുകയായിരുന്നു.

മൽസരം ഒഴിവാക്കി ആചാരപരമായി വെടിക്കെട്ടു നടത്താമെന്നും നിയമവിധേയമായിരിക്കണമെന്നും സി ഐ ആവശ്യപ്പെട്ടു. ഈ കത്തുമായാണ് ഒൻപതിനു ക്ഷേത്രഭാരവാഹികൾ കലക്ടറേറ്റിൽ എത്തിയത്. അന്നു ഷൈനാമോൾ തിരുവനന്തപുരത്തും എ ഡി എം എസ്. ഷാനവാസ് എറണാകുളത്തുമായിരുന്നു. ഷാനവാസിന്റെ ഓഫിസിലെ ജീവനക്കാരിയെ ക്ഷേത്രഭാരവാഹികൾ റിപ്പോർട്ട് ഏൽപ്പിച്ചശേഷം മടങ്ങി. എട്ടിനു ക്ഷേത്രഭാരവാഹികൾ കലക്ടറുടെ ചേംബറിൽ എത്തിയോയെന്ന് അറിയാൻ‍ അവിടത്തെ സി സി ടി വി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :