പ്രധാനമന്ത്രിയുടെ സന്ദർശനത്തെ എതിർക്കുകയോ വിമർശിക്കുകയോ ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ്

പ്രധാനമന്ത്രിയുടെ സന്ദർശനത്തെ എതിർക്കുകയോ വിമർശിക്കുകയോ ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം| aparna shaji| Last Modified ശനി, 16 ഏപ്രില്‍ 2016 (11:32 IST)
കൊല്ലം ദുരന്തത്തിൽ പരുക്കേറ്റവരെ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ ആർ രമേഷ് പറഞ്ഞു. ആശുപത്രി അധികൃതരുടെ വിലക്ക് കാര്യമാക്കാതെ വി ഐ പികൾ സന്ദർശനം നടത്തിയെന്ന് പ്രചരിക്കുന്ന വാർത്തക്കെതിരെയാണ് ഡോ രമേഷ് രംഗത്ത് വന്നിരിക്കുന്നത്.

പ്രധാനമന്ത്രി കടന്നുവന്നപ്പോ‌ൾ വാർഡുകളിലും അത്യാഹിതവിഭാഗങ്ങ‌ളിലും ഉണ്ടായ തിരക്ക് നിയന്ത്രിക്കേണ്ടി വന്നുവെന്നാണ് പറഞ്ഞതെന്ന് ഡോ രമേഷ് മനോരമ ന്യൂസിനോട് പറഞ്ഞു. ദുരിതബാധിതരെ സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ്മാരെ 30 മിനിട്ടിലധികം പുറത്ത് നിറുത്തിയെന്നും പൊള്ളലേറ്റവരെ ചികിത്സിക്കുന്നതിന് ഇത് തടസ്സമായെന്നും ഡയറക്ടർ പറഞ്ഞതായി ഒരു ദേശീയ ഇംഗ്ലീഷ് ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്.

അതേസമയം, പ്രധാനമത്രിയുടെ സന്ദർശനത്തെ എതിർത്തിട്ടില്ലെന്നും കൂടുത‌ൽ ആളുകൾ തള്ളിക്കയറുന്നതിനെയാണ് ആരോഗ്യവകുപ്പ് എതിർത്തതെന്നും ആരോഗ്യമന്ത്രി വി എസ് ശിവകുമാർ അറിയിച്ചു. പ്രധാനമന്ത്രിയടക്കമുള്ള വി ഐ പിക‌ളുടെ സന്ദർശനത്തിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും അങ്ങനൊരു തീരുമാനം ആരോഗ്യ വകുപ്പിനില്ലെന്നും മന്ത്രി വ്യക്തമാക്കി.

കൊല്ലം ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജിലുമാണ് മോദി സന്ദർശിച്ചത്. നേരത്തെ, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ ഡിജിപിയും വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ ആരോപണം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :