കൊച്ചി|
Last Updated:
വ്യാഴം, 17 ജനുവരി 2019 (15:12 IST)
കൊടുവള്ളി എംഎല്‍എ കാരാട്ട് അബ്ദുൽ റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം കേരള ഹൈക്കോടതി റദ്ദാക്കി. എതിർ സ്ഥാനാർഥി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന രീതിയിൽ വ്യക്തിഹത്യ നടത്തിയെന്ന ഹർജിയെ തുടർന്നാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. ജസ്റ്റിസ് എബ്രഹാം മാത്യുവാണ് ഇതു സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്.
അതേസമയം യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കണം എന്ന ആവശ്യം ഹൈക്കോടതി തള്ളി.
വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാരാട്ട് റസാഖ് നൽകിയ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. സുപ്രീംകോടതിയിൽ പോകുന്നതിന് സാവകാശം ലഭിക്കാൻ സ്‌റ്റേ അനുവദിക്കണ കാരാട്ട് റസാഖിന്റെ ആവശ്യം അംഗീകരിച്ച് കൊണ്ടാണ് കോടതി 30 ദിവസത്തെ സ്‌റ്റേ അനുവദിച്ചത്.
കാരാട്ട് റസാഖിന് നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുക്കാമെങ്കിലും വോട്ടവകാശം ഉണ്ടാകില്ല. നിയമസഭാ പ്രതിനിധി എന്ന നിലയിലുള്ള ആനുകൂല്യങ്ങളും ശമ്പളവും അദ്ദേഹത്തിന് ലഭിക്കില്ല.
ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്‌ത മുസ്‌ലിം ലീഗ് ഇത്തരമൊരു വിധി പ്രതീക്ഷിച്ചതാണെന്നും കൂട്ടിച്ചേർത്തു. എംഎ റസാഖിന്‍റെ പേരില്‍ ഒത്തുതീര്‍പ്പാക്കിയ സാമ്പത്തിക ഇടപാട് കേസ് വീണ്ടും കുത്തിപ്പൊക്കി യുഡിഎഫ് സ്ഥാനാര്‍ഥിയെ അപമാനിച്ചു എന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. ഇടതു സ്വതന്ത്രനായിട്ടാണ് റസാഖ് മൽസരിച്ചത്.