മരട് ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന വിധി പ്രായോഗികമല്ലെന്ന് കോടിയേരി, സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് ഉമ്മന്‍‌ചാണ്ടി

കോട്ടയം| Last Modified വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (20:56 IST)
മരടിലെ അഞ്ച് ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധി പ്രായോഗികമല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ വിഷയത്തില്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്നും കോടിയേരി പറഞ്ഞു. ഉടന്‍ തന്നെ താന്‍ മരടിലെ ഫ്ലാറ്റുകള്‍ സന്ദര്‍ശിക്കുമെന്നും കോടിയേരി അറിയിച്ചു.

സുപ്രീംകോടതി വിധി അനുസരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. എന്നാല്‍ സുപ്രീം കോടതി വിധി അനുസരിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധി കണ്ടില്ലെന്ന് നടിക്കരുത്. മരട് ഫ്ലാറ്റ് വിഷയത്തില്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയവര്‍ക്കെതിരെയും ഫ്ലാറ്റ് നിര്‍മ്മിച്ചവര്‍ക്കെതിരെയും നടപടി വേണം - കോടിയേരി ആവശ്യപ്പെട്ടു.

മരട് ഫ്ലാറ്റ് ഉടമകളോട് അനുകമ്പ കാണിക്കണമെന്നും അവരെ ശിക്ഷിക്കരുതെന്നും സി പി എം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. അതേസമയം, വിഷയത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രിക്ക് കത്തുനല്‍കി.

അനവധി ആളുകള്‍ പെരുവഴിയിലാകുന്ന ഈ വിഷയത്തില്‍ ഉത്തരവ് മറികടക്കുന്നതിനായി തീരദേശവിജ്ഞാപനത്തിന് മുന്‍‌കാല പ്രാബല്യം തേടി കേന്ദ്രസര്‍ക്കാരിനെ സമീപിക്കണമെന്നും ഇതിനായി സര്‍വകക്ഷി സംഘം ഡല്‍ഹിക്ക് പോകണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :