തിരുവനന്തപുരം|
jibin|
Last Updated:
ചൊവ്വ, 26 ജൂലൈ 2016 (17:43 IST)
അക്രമത്തിന് ആഹ്വാനം ചെയ്തെന്ന പരാതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പയ്യന്നൂർ പ്രസംഗം പരിശോധിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നല്‍കിയ പരാതിയില്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തിനാണ് അന്വേഷണ ചുമതല.
കോടിയേരിയുടെ വിവാദ പ്രസംഗത്തിന്റെ പൂര്‍ണ രൂപം സംഘം പരിശോധിക്കുമെന്നും തുടര്‍ന്നായിരിക്കും കൂടുതല്‍ നടപടിയെന്നും ഡി ജി പി വ്യക്തമാക്കി. കേസെടുക്കുന്ന കാര്യം നിയമോപദേശത്തിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്‍റെ ശക്തി കേന്ദ്രമായ പയ്യന്നൂരില്‍ വച്ച് കോടിയേരി നടത്തിയ പ്രസംഗമാണ് വിവാദമായത്. ആക്രമിക്കുന്നവരെ കായികമായി പ്രതിരോധിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗമെന്നാണ് ബിജെപിയും പ്രതിപക്ഷവും ആരോപിക്കുന്നത്.
ധന്‍രാജ് കൊലപാതകത്തില്‍ പൊലീസ് പ്രതികള്‍ക്കൊപ്പമാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഇത്തരം സമീപനങ്ങളില്‍ നിന്നും പൊലീസ് പിന്മാറണമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ആര്‍എസ്എസ് അക്രമത്തിനെതിരെ സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തിലയിരുന്നു വിവാദ പരമാര്‍ശം .