രേണുക വേണു|
Last Modified ബുധന്‍, 10 ജനുവരി 2024 (11:58 IST)
കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടമായി ആലുവയില്‍ നിന്ന് അങ്കമാലിയിലേക്ക് പാത നീട്ടുമെന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ. മൂന്നാം ഘട്ടത്തിന്റെ ഭാഗമായി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് ലിങ്ക് ലൈനും നിര്‍മിക്കും. വിമാനത്താവളത്തില്‍ ഭൂമിക്കടിയിലാണ് സ്റ്റേഷന്‍ പ്ലാന്‍ ചെയ്യുന്നതെന്നും ബെഹ്‌റ പറഞ്ഞു.
നിലവിലുള്ള മെട്രോയുടെ എക്സ്റ്റന്‍ഷന്‍ തന്നെയായിരിക്കും മൂന്നാം ഘട്ടത്തിലും. തൃപ്പൂണിത്തുറ ടെര്‍മിനലിലേക്കുള്ള മെട്രോ നിര്‍മാണം പൂര്‍ത്തിയായി. പരീക്ഷണ ഓട്ടം നടന്നുവരുന്നു. 1.16 കിലോമീറ്റര്‍ ദൂരത്തേയ്ക്ക് കൂടി മെട്രോ ഓടിയെത്തുമ്പോള്‍ ഒന്നാം ഘട്ടത്തിന്റെ ദൈര്‍ഘ്യം 28.125 കിലോമീറ്ററാവും.
കൊച്ചിയിലേക്കു ട്രെയിന്‍ കൊണ്ടുവന്ന രാജര്‍ഷി രാമവര്‍മയുടെ ഛായാചിത്രം സ്‌റ്റേഷനിലുണ്ടാവും. അത്തച്ചമയവും നൃത്ത രൂപങ്ങളുമാണ് സ്റ്റേഷന്റെ തീം. 1.35 ലക്ഷം ചതുരശ്ര അടി വിസ്തൃതമായ സ്റ്റേഷനില്‍ 40000 ചതുരശ്ര അടി വാണിജ്യാവശ്യങ്ങള്‍ക്ക് നീക്കിവയ്ക്കുമെന്നും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.