കൊച്ചി|
vishnu|
Last Updated:
ബുധന്‍, 7 ജനുവരി 2015 (14:22 IST)
കൊച്ചി മെട്രോയുടെ നിര്‍മ്മാണം നടത്തുന്ന കെഎംആര്‍എല്ലും, ഡിഎംആര്‍സിയും സമ്പൂര്‍ണ പരാജയമാണെന്ന് ആരോപിച്ചുകൊണ്ട് ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍ രംഗത്ത്. മെട്രോയുടെ അനുബന്ധ വികസനത്തിന്റെ ഭാഗമായ സമാന്തര റോഡുകള്‍ സജ്ജമാക്കണമെന്ന പ്രാഥമിക ഉത്തരവാദിത്തം പോലും നിര്‍വഹണ ഏജന്‍സികള്‍ മറന്നതായും ഗതാഗത ക്രമീകരണം കരാര്‍ കമ്പനികള്‍ക്ക് തോന്നുംപടിയെന്നും വിമര്‍ശിച്ചുകൊണ്ടാണ് വേണുഗോപാല്‍ രംഗത്തെത്തിയത്.
കടവന്ത്രയില്‍ ജിസിഡിഎ ഓഫീസിനു മുന്നിലുളള 30 സെന്റ്, സ്റ്റേഡിയത്തിനു മുന്നില്‍ 32 സെന്റ്, ഇങ്ങനെ മെട്രോയ്ക്കായി ഏറെ വിട്ടുവീഴ്ചകള്‍ ചെയ്തു. പക്ഷേ എങ്ങനെയും കാര്യം നടക്കണമെന്ന സങ്കുചിത മനോഭാവം മാത്രമേ ഡിഎംആര്‍സിക്കും കെഎംആര്‍എല്ലിനുമുള്ളു എന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയെ മെട്രോ കുരുക്കിയത് നിര്‍മാണ ഏജന്‍സികളുടെ അലംഭാവം കൊണ്ടുമാത്രമാണെന്ന് ജിസിഡിഎ ചെയര്‍മാന്‍ ആരോപിച്ചു. പ്രധാനപ്പെട്ട സമാന്തര റോഡുകള്‍ അറ്റകുറ്റപ്പണിപോലും നടത്താതെ കയ്യൊഴിഞ്ഞത് വ്യവസ്ഥകളുടെ ലംഘനമാണെന്നും അദ്ധേഹം ചൂണ്ടിക്കാണിച്ചു.
റോഡ് നിര്‍മാണത്തിലും സ്ഥലം ഏറ്റെടുക്കലിലും ഒരു ഏകോപന സംവിധാനത്തിന് നേതൃത്വം നല്‍കുന്നതിന് സര്‍ക്കാരിനും കെഎംആര്‍എല്ലിനും കഴിഞ്ഞിട്ടില്ല എന്നാരോപിച്ച് കൊണ്ട് പി.രാജീവ് എം.പിയും രംഗത്തെത്തിയിട്ടുണ്ട്. ഫണ്ടിന്റെ അഭാവവും ഭൂമി ഏറ്റെടുക്കലിനുള്ള കാലതാമസവുമാണ് അനുബന്ധ റോഡുകളുടെ വികസനത്തിന് പ്രതിസന്ധിയാവുന്നത് എന്ന് കൊച്ചി മേയര്‍ ടോണി ചമ്മിണി പറഞ്ഞു. വിവിധ ഏജന്‍സികളുമായുള്ള ഏകോപന ചര്‍ച്ചകളിലൂടെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.