കോഴിക്കോട്|
നെല്‍വിന്‍ വില്‍സണ്‍|
Last Updated:
വെള്ളി, 16 ഏപ്രില്‍ 2021 (17:52 IST)
കെ.എം.ഷാജി എംഎല്‍എയെ വിജിലന്‍സ് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ഷാജിയുടെ വീട്ടില്‍ നിന്ന് 50 ലക്ഷത്തിനടുത്ത് പണം പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. അനധികൃതമായ പണമല്ല വീട്ടില്‍ നിന്നു പിടിച്ചെടുത്തതെന്നും എല്ലാത്തിനും രേഖകള്‍ ഉണ്ടെന്നും ഷാജി പറഞ്ഞു.
വീട്ടില്‍ നിന്നു പിടിച്ചെടുത്തത് നിയമപരമായ പണമാണ്. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കുമെന്നും വിജിലന്‍സ് ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ ഷാജി മാധ്യമങ്ങളോട് പറഞ്ഞു.
വീട്ടില്‍ നിന്നു പിടിച്ചെടുത്തത് തിരഞ്ഞെടുപ്പിനായി പിരിച്ച പണമാണ്. ഇതിനു കൗണ്ടര്‍ ഫോയില്‍ ഉണ്ട്. എല്ലാ രേഖകളും ഹാജരാക്കും. എംഎല്‍എ ആയതിനുശേഷം രണ്ട് സ്ഥലം ഇടപാടുകളാണ് നടത്തിയിട്ടുള്ളത്. കണ്ണൂരില്‍ വീട് ഇരിക്കുന്ന ഭൂമിയും രണ്ടേക്കര്‍ വയലും മാത്രമാണ് എംഎല്‍എ ആയതിനു ശേഷം വാങ്ങിയിട്ടുള്ളതെന്നും ഷാജി പറഞ്ഞു.
വീട്ടില്‍ കട്ടിലിന്റെ അടിയില്‍ നിന്നാണ് പണം എടുത്തത്. നിയമപരായ പണമാണിത്. ക്ലോസറ്റിനടിയില്‍ പണം ഒളിപ്പിച്ചു എന്നൊക്കെ ആരോപിക്കുന്നത് എതിരാളികളുടെ ശീലംകൊണ്ടാണ്. നിയമപരമായ പണം ആയതിനാല്‍ തനിക്ക് അത് ഒളിപ്പിക്കേണ്ട കാര്യമില്ലെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.